ചെപ്പോക്കില്‍ രാജസ്ഥാന് വെന്നിക്കൊടി

ചെപ്പോക്കില്‍ രാജസ്ഥാന് വെന്നിക്കൊടി

ചെന്നൈ: 2008ന് ശേഷം ആദ്യമായി ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ലാസ്റ്റ്‌ബോള്‍ ത്രില്ലില്‍ മൂന്ന് റണ്‍സിനാണ് ആര്‍.ആറിന്റെ വിജയം. ക്യാപ്റ്റന്‍ എം.എസ് ധോണിയും ജഡേജയും ക്രീസില്‍ നില്‍ക്കെ വിജയിച്ചുവെന്നത് രാജസ്ഥാന്റെ മാറ്റു കൂട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ഇത്തവണയും മുമ്പില്‍ നിന്ന് നയിച്ചത് ജോസ് ബട്‌ലര്‍ തന്നെയായിരുന്നു. 36 പന്തില്‍ മൂന്ന് സിക്‌സിന്റേയും ഒരു ഫോറിന്റേയും അകമ്പടിയോടെ 52 റണ്‍സ് നേടിയ ബട്‌ലര്‍ രാജസ്ഥാന് മികച്ച അടിത്തറ നല്‍കി. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇത്തവണയും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ്. ജഡേജക്കാണ് സഞ്ജുവിന്റെ വിക്കറ്റ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഡക്കാവുന്നത്.

38 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 30 റണ്‍സുമായി അശ്വിനും 18 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ ഹെറ്റ്‌മെയറും പൊരുതിയപ്പോള്‍ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 175 റണ്‍സ് നേടി. ചെന്നൈക്ക് വേണ്ടി ജഡേജയും ആകാശ് സിംഗും തുഷാര്‍ പാണ്ഡേയും രണ്ട് വിക്കറ്റ് വീതവും മോയിന്‍ അലി ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ഋതുരാജ് നേരത്തെ മടങ്ങിയെങ്കിലും കോണ്‍വേയും രഹാനെയും ചെന്നൈ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 68 റണ്‍സ് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത കൂട്ടുക്കെട്ട് രവിചന്ദ്ര അശ്വിനാണ് പൊളിച്ചത്. 31 റണ്‍സെടുത്ത് രഹാനെ പുറത്തായതിന് ശേഷം പിന്നീടുവന്ന ശിവം ഡൂബെക്കും മോയിന് അലിക്കും അമ്പാട്ടി റായിഡുവിനും കാര്യമായ സംഭാവന നല്‍കാനായില്ല. 38 പന്തില്‍ 50 റണ്‍സെടുത്ത് കോണ്‍വേ ചഹലിന്റെ പന്തില്‍ ജയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ചെന്നൈ സ്‌കോര്‍ 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സായിരുന്നു. പിന്നീടങ്ങോട് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത് വിന്റേജ് ധോണിയുടെ ഇന്നിങ്‌സിനായിരുന്നു അഞ്ചോവറില്‍ 63 റണ്‍സ വേണമെന്നിരിക്കെ ധോണിയും ജഡേജയും കൂടുതല്‍ ആക്രമണകാരികളായി.

സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും വൈഡ് ആയി. വീണ്ടുമെറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാനായില്ല. എന്നാല്‍ രണ്ടും മൂന്നും പന്തകള്‍ അതിര്‍ത്തി കടത്തി ധോണി ചെപ്പോക്കില്‍ ആവേശ തിരയിളക്കി. തൊട്ടടുത്ത രണ്ട് പന്തുകളില്‍ ധോണിയും ജഡേജയും ഓരോ റണ്‍സ് നേടി. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നായി. എല്ലാവരും ധോണിയുടെ ബാറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഇത്തവണ അദ്ദേഹത്തിന് പതിവ് ശൈലിയില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ഒരു റണ്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ധോണി 17 പന്തില്‍ 32 റണ്‍സും ജഡേജ 15 പന്തില്‍ 25 റണ്‍സും നേടി പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി അശ്വിനും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. അശ്വിനാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *