കോഴിക്കോട്: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് തുടര്‍ ഭരണം ഉണ്ടാകുമെന്ന് വിഷു ഫല പ്രവചനം. പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളെ പരസ്പരം ഗണിച്ച് രേഖപ്പെടുത്തിയ ചൈത്രമാസ ആരംഭമായ വിഷു ഫലത്തിലാണ് മോദി സര്‍ക്കാരിന്റെ തുടര്‍ ഭരണ സാധ്യതയെ കുറിച്ച് പണിക്കര്‍ സര്‍വീസ് സൊസൈറ്റി കണിയാര്‍ ട്രസ്റ്റ് പ്രവചനം നടത്തിയത്.രാഷ്ടീയ പാര്‍ട്ടികള്‍ രൂപീകരിച്ച ദിവസത്തെ നക്ഷത്രം ഗണിച്ചാണ് ബി.ജെ.പിയുടെ തുടര്‍ഭരണ സാധ്യത കാണുന്നതെന്ന് ജ്യോതിഷികള്‍ വ്യക്തമാക്കി. വിഷു ദിനമായ 15ന് മേടം ഒന്നിന് പുലര്‍ച്ചെ 4.32നും 5.45നും ഇടയിലാണ് കണി കാണാന്‍ ഉചിതമായ സമയം. മീനം 31ന് വെള്ളിയാഴ്ച പകല്‍ 2.56ന് തിരുവോണ നക്ഷത്രം കൃഷ്ണപക്ഷത്തില്‍ നവമി തിഥിയും കൂടിയ സമയം മേടമാസ സംക്രമമാകയാല്‍ നാല് പറ സാമാന്യ വര്‍ഷവും വരള്‍ച്ചയും ഭൂകമ്പത്തിനും കാറ്റിനും മണ്ണിടിച്ചിലിനും കാരണമാകും. അയല്‍ രാജ്യങ്ങളില്‍ നിന്നും ഭീകരാക്രമണങ്ങള്‍ നടത്തി വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ കരുതലെടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വര്‍ധിക്കന്നത് രാജ്യത്തിന് നേട്ടം ഉണ്ടാക്കും. അതേ സമയം വടക്ക്-കിഴക്കന്‍ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.
കേരളത്തില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ്. ഈ മേഖലകളില്‍ പതിവില്‍ കൂടുതല്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ടതാണ്. സംസ്ഥാനത്തെ കാര്‍ഷിക അഭിവൃദ്ധിക്ക് ഉണ്ടാകുന്ന വര്‍ഷം കൂടിയാണിത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ തുടര്‍ച്ചയായുള്ള ആനചരിയല്‍, തിടപള്ളിയിലെ അഗ്‌നിബാധയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതിലും നിശ്ചയിക്കപ്പെട്ട ദേവപ്രശ്‌ന കര്‍ത്താവിന്റ നിര്യാണവും ദുര്‍നിമിത്തമായാണ് കാണിക്കുന്നത്. ഗുരുവായൂരില്‍ വിവാഹം വൈകുന്നേരം നടത്താമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി ദവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. പണിക്കര്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം മെയ് 20 ,21 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചതായും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബേപ്പൂര്‍ ടി.കെ മുരളീധര പണിക്കര്‍, വൈസ് ചെയര്‍മാന്‍ ചെലവൂര്‍ ഹരിദാസന്‍ പണിക്കര്‍, ജ്യോതിഷ സഭാ ചെയര്‍മാന്‍ വിജീഷ് പണിക്കര്‍, സെക്രട്ടറി മൂലയില്‍ മനോജ് പണിക്കര്‍, ട്രഷറര്‍ വത്സരാജ് പണിക്കര്‍ തിക്കോടി എന്നിവര്‍ പങ്കെടുത്തു.