ജയ്പൂര്‍: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെഹ്‌ലോട്ടിനെ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് മോദി പ്രസംഗിച്ചത്. ‘നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഈ സമയത്തും വികസന പ്രവൃത്തികള്‍ക്കായി സമയം കണ്ടെത്തുകയും റെയില്‍വേ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത ഗെഹ്‌ലോട്ടിന് എന്റെ പ്രത്യേകമായ നന്ദി അറിയിക്കുന്നു’, മോദി പറഞ്ഞു. രാജസ്ഥാനില്‍ സര്‍ക്കാരിനെതിരേ നിരാഹാരസമരം നടത്തിയ യുവനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റുമായുള്ള പോരിനെ സൂചിപ്പിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ മോദിയുടെ പരാമര്‍ശം.
ജയ്പൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു വന്ദേഭാരത് ഉദ്ഘാടന പരിപാടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.