ന്യൂഡല്‍ഹി കാലിന് പരിക്കേറ്റ ഒരു സാരസ കൊക്കിനെ പരിപാലിക്കുന്ന ഒരു യുവാവും അയാളുമായി ചങ്ങാത്തത്തിലായ സാരസ കൊക്കും തമ്മിലുള്ള ബന്ധം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് പേരും തമ്മിലുള്ള സ്‌നേഹബന്ധം അത്രയും കൗതുകമുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ സംരക്ഷിത പട്ടികയിലുള്ള വന്യജീവികളെ വളര്‍ത്തരുതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് അധികൃതര്‍ കൊക്കിനെ വന്യജീവി സങ്കേതത്തിലേയ്ക്ക് മാറ്റി.
ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ആരിഫ് എന്ന യുവാവും സാരസ കൊക്കും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വനംവകുപ്പ് അധികൃതര്‍ കൊക്കിനെ കാണ്‍പൂര്‍ മൃഗശാലയിലേയ്ക്ക് മാറ്റിയ സാരസ കൊക്കിനെ കാണാന്‍ എത്തിയ ആരിഫും
തന്റെ രക്ഷകനെക്കണ്ട സന്തോഷത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കൂടിനുള്ളില്‍ പരക്കം പായുന്ന കൊക്കുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വീഡിയോ കണ്ടതോടെ നിരവധി പേരാണ് കൊക്കിനെ ആരിഫിന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. ബി. ജെ. പി എം. പി വരുണ്‍ ഗാന്ധിയും ഇതേ കാര്യം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ്. പരസ്പരം കണ്ടതിന്റെ സന്തോഷപ്രകടനം ഇവരുടെ സ്‌നേഹം എത്ര ശുദ്ധമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കൂട്ടില്‍ ജീവിക്കാനല്ല, മറിച്ച് ആകാശത്തില്‍ പറക്കാനാണ് ഈ മനോഹര ജീവിയെ നിര്‍മ്മിച്ചിരിക്കുന്നതെന്നും അവന്റെ ആകാശവും സ്വാതന്ത്ര്യവും തിരികേ നല്‍കണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
ആരിഫില്‍ നിന്ന് കൊക്കിനെ മാറ്റിയതിന് ശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബി. ജെ. പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. മനുഷ്യന് സഹജീവികളോടുള്ള സ്‌നേഹം ബി. ജെ. പി ഇഷ്ടപ്പെടുന്നില്ലെന്നും മറ്റുള്ളവരുടെ സങ്കടത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍ക്ക് ഒരിയ്ക്കലും സന്തോഷിക്കാന്‍ കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു.