ഹൈദരാബാദ് : മഹാരാഷ്ട്രയില്‍ ബി. ജെ. പിയും ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേനാ വിഭാഗവും കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന ആരോപണവുമായി മഹാരാഷ്ട്ര മുന്‍മന്ത്രിയും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. ബി. ജെ. പി യുടെ ഹിന്ദുത്വയില്‍ വിശ്വാസമില്ലെന്ന് ഹൈദരാബാദിലെ ഗിതം യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കേ അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ എന്നത് വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒന്നാണെന്നും മറ്റുള്ളവരുടെ ഭക്ഷണത്തിന്റെ പേരില്‍ തങ്ങള്‍ ആരേയും തീകൊളുത്താറില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. അതാണ് ബി. ജെ. പി യുടെ ഹിന്ദുത്വ എങ്കില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കോ താക്കറെ കുടുംബത്തിനോ അത് സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് കേന്ദ്രം കാരണമല്ലെന്നും സുപ്രീംകോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടി എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് സംസാരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.