ന്യൂഡല്‍ഹി: മലയാളിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് പ്രേരിപ്പിച്ച് പണപ്പിരിവ് നടത്തിയെന്ന കേസില്‍ യുപി സ്വദേശിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ കരുവാക്കി ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ പണപ്പിരിവ് നടത്തിയെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേരള സൈബര്‍ പോലീസാണ് കേസെടുത്തത്.
കേസില്‍ ഗൂഢാലോചനയുണ്ടെന്നും പണമിടപാടില്‍ വിദേശത്ത് നിന്നുള്ള ഇടപെടലുണ്ടെന്നും സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് വാദിച്ചു. അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാനവും വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ അഭിഭാഷകന്‍ അനില്‍ കൌശിക്കും കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.
എന്നാല്‍, സമൂഹ മാധ്യമ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഇക്കാര്യത്തില്‍ സഹതാപം തോന്നി പണപ്പിരിവിനായി തന്റെ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കിയതാണെന്നും മറ്റ് ഇടപെടലുകള്‍ വിദ്യാര്‍ത്ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നും ഹര്‍ജിക്കാരി യു.പി സ്വദേശിയായ ബി. ടെക്ക് വിദ്യാര്‍ത്ഥിയ്ക്കായി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
നേരത്തെ കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജിയെ എതിര്‍ത്ത സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയടക്കം കേസിന്റെ ഗൗരവം കണക്കിലെടുത്ത് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയതാണെന്നും. ഇത്രയേറെ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത്തരം ഒരു തട്ടിപ്പ് നടത്താന്‍ യുവതി ശ്രമിച്ചെന്നും, മാത്രമല്ല ഈ തട്ടിപ്പിന് പിന്നില്‍ മറ്റു സംഘമുണ്ടോ എന്ന് അന്വേഷണം വേണമെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.