പാലാരിവട്ടം പാലം അഴിമതി കേസ്: ഇ. ഡി അന്വേഷണത്തിനുള്ള സ്റ്റേ നീക്കി

പാലാരിവട്ടം പാലം അഴിമതി കേസ്: ഇ. ഡി അന്വേഷണത്തിനുള്ള സ്റ്റേ നീക്കി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മുന്‍മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി. കെ ഇബ്രാഹിം കുഞ്ഞാണ് ഇ. ഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപ്പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നേരത്തെ ഇ. ഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നേതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ സ്റ്റേ അനുവദിച്ചത്. ആരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹര്‍ജി തുടര്‍വാദത്തിനായി മാറ്റിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *