കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ്. ആക്രമണം നടത്തിയ അതേ ട്രെയിനിലാണ് താന്‍ കണ്ണൂരിലെത്തിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതോടെ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിയുമായി പോലീസ് സംഘം കോഴിക്കോടു നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര തിരിച്ചു.
ഏപ്രില്‍ രണ്ടാം തീയതി രാത്രി ഒമ്പതരയോടെയാണ് പ്രതി ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. എലത്തൂര്‍ സ്‌റ്റേഷന്‍ പിന്നിട്ടതോടെയാണ് സംഘവം. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സപ്രസിലെ രണ്ട് കോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തിനു ശേഷം ഇതേ ട്രെയിനില്‍ കണ്ണൂരിലെത്തി റെയില്‍വേ സ്‌റ്റേഷനില്‍ ഒളിച്ചിരുന്നുവെന്ന് ഇയാള് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അഞ്ചാം ദിവസമാണ് പോലീസ് സംഘം തെളിവെടുപ്പിനായി കൊണ്ടുപോകുന്നത്.