കോഴിക്കോട്: ജവഹര്‍നഗര്‍ ഹൗസിങ് പ്ലോട്ടുകളില്‍ പുതിയ വീട് നിര്‍മാണത്തിന് അനുമതി നിഷേധിച്ച കോര്‍പറേഷന്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തെന്ന് ജവഹര്‍നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് വികസന അതോറിറ്റി 1985ല്‍ രൂപം നല്‍കിയ ജവഹര്‍ നഗറില്‍ 2000 രൂപ സെന്റന് വില നല്‍കി 30 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്ത് വികസിപ്പിച്ച് 16000 രൂപ സെന്റിന് വില നിശ്ചയിച്ച് 300 ഓളം പ്ലോട്ടുകള്‍ വീട് വയ്ക്കുന്നതിനായി വില്‍പ്പന നടത്തിയിരുന്നു. ഇവിടെ സെയില്‍സ് ടാക്‌സ് ഓഫിസ് കോംപ്ലക്‌സ്, ഏജീസ് ഓഫിസ് , ഐബി ഓഫിസ് , ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ്, എസ്.ബി.ഐ ഓഫിസും കേന്ദ-സംസ്ഥാന ഗവ.ഓഫിസുകളും, റോ, എല്‍.എസ്.ജി.ഡി എന്നിവക്ക് ഓഫിസ് പണിയുന്നതിനുള്ള പ്ലോട്ടുകളും നിലവിലുണ്ട്.
2017 ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നടപ്പിലിക്കിയപ്പോള്‍ തന്നെ കോര്‍പറേഷന്‍ ആധാരം പ്രകാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ‘തോട്ടം’ എന്നത് വില്ലേജ് റിക്കാര്‍ഡില്‍ നജ്ജ-വയല്‍ എന്നത് മാറ്റി തിരുത്തി നല്‍കുവാനുള്ള അപേക്ഷ കോര്‍പറേഷനിലും, ജില്ലാ കലക്ടര്‍ക്കും, തഹസീല്‍ദാര്‍ക്കും, കൃഷി ഭവന്‍ ഓഫിസര്‍ക്കും, വില്ലേജ് ഓഫിസര്‍ക്കും അസോസിയേഷന്‍ നല്‍കിയിരുന്നു. ജില്ലാകലക്ടര്‍ കൃഷിഭവന്‍ ഓഫിസില്‍ അപേക്ഷ നല്‍കുവനായി നിര്‍ദേശിച്ച് മറുപടി നല്‍കി. കൃഷിഭവനില്‍ വ്യക്തിഗത അപേക്ഷ അല്ലാത്തതിനാല്‍ തള്ളികളഞ്ഞതായി അറിയിച്ചു. കോര്‍പറേഷനില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല.
കോഴിക്കോട് വികസന അതോറിറ്റി കോഴിക്കോട് കോര്‍പറേഷനില്‍ ലയിപ്പിച്ചിട്ടുള്ളതാണ്. 2021ല്‍ അസോസിയേഷന്‍ മെമ്പര്‍ ഡോ.അജയ്.വി കാനറാ ബാങ്കില്‍ നിന്നും ഒരുകോടി രൂപ ബാങ്ക്‌ലോണ്‍ എടുത്തശേഷം വീട് നിര്‍മാണത്തിനായി കോര്‍പറേഷനില്‍ അപേക്ഷ നല്‍കുകയും കോര്‍പറേഷന്‍ അത് നിരസിക്കുകയും ചെയ്തു. ഭൂമി നജ്ജ-വയല്‍ ആണെന്നും തരം മാറ്റിയാലെ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്ന് അറിയിച്ചു. 200ഓളം വീടുകള്‍ പണി പുര്‍ത്തിയാക്കി ഇവിടെ താമസമാക്കിയിട്ടുള്ളതാണ്. കോര്‍പറേഷന്‍ സെക്രട്ടറി തോട്ടം എന്ന് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടുള്ളതുമാണ്. 35 വര്‍ഷം കഴിഞ്ഞ് ഭൂമി തരം മാറ്റണമെന്നതിനെതിരേ ജവഹര്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ നിയമ പോരാട്ടം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി സി.ഡി.എ കോര്‍പറേഷനില്‍ ലയിപ്പച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുന്നതിനായി ഒരു വര്‍ഷം സമയമെടുത്തു. അപ്പീല്‍ പ്രകാരം വിവരവാകാശ കമ്മീഷണറുടെ ഉത്തരവ് തന്നെ വേണ്ടി വന്നു.
2022 അവസാനം കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും 2023 മാര്‍ച്ച് അവസാനം കോര്‍പറഷന്‍ ഉത്തരവ് റദ്ദ് ചെയ്യുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2008ന് മുന്‍പ് ഗവണ്‍മെന്റ് തന്നെ വികസിപ്പിച്ച ഹൗസിംഗ് സ്‌കീം ആയതിനാല്‍ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ജവഹര്‍ നഗറിന് ബാധകമല്ല. കോഴിക്കോട് കോര്‍പറേഷനില്‍ പുതിയ നിര്‍മാണത്തിനോ, അറ്റുകുറ്റ പണികള്‍ക്കോ അപേക്ഷ നല്‍കിയാല്‍ രണ്ടു മാസത്തിനകം അംഗീകാരം നല്‍കിയിരിക്കേണ്ടതാണ്. ജവഹര്‍ നഗറിലെ പ്ലോട്ടുകള്‍ റവന്യൂ റിക്കാര്‍ഡില്‍ നജ്ജ-വയല്‍ എന്നത് രണ്ട്മാസത്തിനകം തിരുത്തി നല്‍കേണ്ടതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി അസോസിയേഷന്‍ മെമ്പറും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലുമായി തുറമുഖം ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തുകയും ജില്ലാ കലക്ടറോട് നടപടികള്‍ കാലതാമസം വരുത്താതെ നടപ്പിലാക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റ് ഹൗസിംഗ് സ്‌കീം പ്രകാരം കേരള ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫിസ് അംഗീകാരം നല്‍കിയിട്ടും 35 വര്‍ഷം കഴിഞ്ഞ് കോടതിയില്‍ പോയി അനുകൂല ഉത്തരവുകള്‍ നേടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുകള്‍ താമസക്കാര്‍ക്ക് ഉണ്ടാക്കുന്നതണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബേബി കിഴക്കേഭാഗം, വൈസ് പ്രസിഡന്റ് സെയ്യത് ഹാരീസ്.കെ, ജനറല്‍ സെക്രട്ടറി വിജയന്‍ വി.കെ, ട്രഷറര്‍ നിരുപ്.എച്ച് ബുലാനി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സോഫി പൗലോസ്, ലതിക സുരേഷ് ചന്ദ്രന്‍, മുന്‍ പ്രസിഡന്റ് രമ രാമന്‍കുട്ടി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.