ന്യൂഡല്‍ഹി : റഷ്യന്‍ സൈനികര്‍ യുക്രൈനിലെ വീടുകളില്‍ നിന്ന് ക്ലോസറ്റുകള്‍പോലും കൊള്ളയടിക്കുന്നതായി യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ. നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലാണ് അവര്‍ റഷ്യന്‍സൈനികരുടെ പരാക്രമങ്ങളെ അതിനിശിതമായി വിമര്‍ശിച്ചത്.
2022 ഫെബ്രുവരി 24 ന് റഷ്യ യുക്രൈനിനെ ആക്രമിക്കാന്‍ ആരംഭിച്ചതോടെ എല്ലാം നഷ്ടമായതായി യുക്രൈന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. പല റഷ്യന്‍ സൈനികരുടേയും വീട്ടുകാരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയപ്പോള്‍ യുക്രൈനില്‍ നിന്ന് എന്തെല്ലാം കടത്തിക്കൊണ്ടുപോകാന്‍ സാധിക്കും എന്നവര്‍ ചര്‍ച്ച ചെയ്യുന്നതായി മനസ്സിലായി. ചില സമയത്ത് അവര്‍ ശൗചാലയത്തിലെ ക്ലോസറ്റുകള്‍ പോലും കടത്തിക്കൊണ്ടുപോകുന്നു. പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടി അമ്മയുടെ മുന്നില്‍ വെച്ച് പീഡിപ്പിക്കപ്പെടുകയും കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടുകപോലുമുണ്ടായി എന്ന് എമൈന്‍ പറഞ്ഞു.
സൗഹൃദത്തിന്റെ അടയാളമാണ് തന്റെ ഇന്ത്യാ സന്ദര്‍ശനം എന്ന് എമൈന്‍ ജാപറോവ പറഞ്ഞു. ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട സൗഹൃദം ആഗ്രഹിക്കുന്നതായും തിരിച്ചും അങ്ങനെയുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കീവ് സന്ദര്‍ശിക്കാന്‍ അവര്‍ ക്ഷണിച്ചു. യുക്രൈന്‍ ഒരു യുദ്ധത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും പറഞ്ഞ എമൈന്‍ അജിത് ഡോവലിന്റെ സന്ദര്‍ശനം യുക്രൈന്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
super keep it up