ന്യൂഡല്‍ഹി: കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച് രാഹുല്‍ ഗാന്ധി. ബി. ജെ. പി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ ഏപ്രില്‍ 12 ന് പട്‌ന കോടതിയിലാണ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരായി മൊഴി നല്‍കേണ്ടിയിരുന്നത്. കോടതി നിര്‍ദേശം നല്‍കിയിട്ടും ഹാജരാക്കാതെയിരുന്നതിന് രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്നാവശ്യപ്പെട്ട് സുശീല്‍ മോദി കോടതിയില്‍ അപേക്ഷ നല്‍കി.
എല്ലാ കള്ളന്മാര്‍ക്കും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്. രാഹുല്‍ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, സമുദായത്തെയാകെയാണ് എന്ന തരത്തിലാണ് ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്.