ലക്കി ലഖ്‌നൗ

ലക്കി ലഖ്‌നൗ

അവസാന പന്തില്‍ ഒരു വിക്കറ്റിന് ആര്‍.സി.ബിയെ തോല്‍പ്പിച്ച് ലഖ്‌നൗ

ബംഗളൂരു: അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരട്ടത്തില്‍ ആര്‍.സി.ബിക്കെതിരേ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് ഒരു വിക്കറ്റിന്റെ ആവേശ വിജയം. ഓരോ നിമിഷവും ത്രസിപ്പിച്ച മത്സരത്തില്‍ ഭാഗ്യം ലഖ്നൗവിനൊപ്പമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി സ്വന്തം കാണികളെ നിരാശരാക്കിയില്ല. വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മികച്ച തുട
ക്കമാണ് ആര്‍.സി.ബിക്ക് നല്‍കിയത്. കോലി വീണ്ടും ആക്രമണകാരിയായപ്പോള്‍ ആര്‍.സി.ബി സ്‌കോര്‍ പെട്ടെന്നു തന്നെ ഉയര്‍ന്നു. 12ാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ സ്റ്റോയിനിസിന് ക്യാച്ച് നല്‍കി 61(44) റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ടീം അക്കൗണ്ടില്‍ 96 റണ്‍സുണ്ടായിരുന്നു. തുടര്‍ന്നുവന്ന ഗ്ലെന്‍ മാക്സ്വെല്ലിനൊത്ത് ഡുപ്ലെസി മികച്ച കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ആക്രമണത്തിന്റെ മൂര്‍ച്ഛ കൂട്ടിയപ്പോള്‍ ലഖ്നൗ ബൗളര്‍മാര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 20ാം ഓവറിലെ അഞ്ചാം പന്തില്‍ മാക്സ്വെല്‍ 59(29) റണ്‍സുമായി മടങ്ങുമ്പോള്‍ ആര്‍.സി.ബി സ്‌കോര്‍ 200 കടന്നിരുന്നു. രണ്ടിന് 212 എന്ന മികച്ച സ്‌കോറാണ് ആര്‍.സി.ബി ലഖ്നൗവിന് മുന്നോട്ടു വച്ചത്.

 

ക്യാപ്റ്റന്‍ ഡുപ്ലെസി പുറത്താകാതെ 79(46) റണ്‍സ് നേടി. അഞ്ച് വീതം ഫോറും സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടുകൂടിയാണ് ലഖ്നൗ തുടങ്ങിയത്. സ്‌കോര്‍ 23ല്‍ നില്‍ക്കെ അവരുടെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറി. ഒരു ഘട്ടത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങുമെന്ന് തോന്നിച്ച ലഖ്നൗവിന്റെ തലവര മാറ്റിയെഴുതിയത് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പൂരനുമായിരുന്നു. ബാംഗ്ലൂര്‍ ബൗളര്‍മാരെ ഒട്ടും ഗൗനിക്കാതെ നേരിട്ട ഇരുവരും ടീമിന് മികച്ച അടിത്തറ നല്‍കി. മാര്‍കസ് സ്റ്റോയിനിസ് 30 പന്തില്‍ 65 റണ്‍സും നിക്കോളാസ് പൂരന്‍ 19 പന്തില്‍ 62 റണ്‍സും നേടി. ഇംപാക്ട് പ്ലെയറായി എത്തിയ ആയുഷ് ബദോനി 24 പന്തില്‍ 30 റണ്‍സ് നേടി പുറത്തെടുത്ത പോരാട്ടവീര്യം ലഖ്‌നൗവിന് തുണയായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ അഞ്ച് റണ്‍സായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തില്‍ ഉനദ്കട്ട് സിംഗിള്‍ നേടി. തൊട്ടടുത്ത സ്ലോ ലോ ഫുള്‍ട്ടോസ് ബോളില്‍ മാര്‍ക്ക് വുഡ് ബൗള്‍ഡായി. മൂന്നാം പന്തില്‍ രവി ബിഷ്‌ണോയി ഡബിള്‍ നേടിയതോടെ സമനിലയ്ക്കും ഒന്നും വിജയത്തിന് രണ്ടും റണ്‍സ് മതിയെന്നായി. നാലാം പന്തില്‍ ബിഷ്‌ണോയി സിംഗിള്‍ നേടിയതോടെ ഇരു ടീമുകളുടേയും സ്‌കോര്‍ തുല്യമായി. അഞ്ചാം പന്തില്‍ ലോംഗ് ഓണില്‍ ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ ഉനദ്കട്ട് പുറത്തായതോടെ ഒരു പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കേ ലഖ്‌നൗവിന് ജയിക്കാന്‍ ഒരു റണ്‍സ്.

അവസാന പന്ത് എറിയാനെത്തുമ്പോള്‍ ക്രീസ് വിട്ടിറങ്ങിയ ബിഷ്‌ണോയിയെ ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതോടെ അവസാന പന്ത് വീണ്ടും എറിയണമെന്നായി. ഈ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ ആവേശ് ഖാനായില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പന്ത് കൈയ്യിലൊതുക്കാനായില്ല. ബൈ റണ്ണിനായി ആവേശും ബിഷ്‌ണോയിയും ഓടി. റണ്ണൗട്ടിനായുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ത്രോ സ്റ്റംപില്‍ കൊള്ളാതിരുന്നതോടെ ലഖ്‌നൗവിന് ഒരു വിക്കറ്റിന്റെ ആവേശ വിജയം. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജും വെയ്ന്‍ പാര്‍ണലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നിക്കോളസ് പൂരനാണ് കളിയിലെ താരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *