ന്യൂഡല്‍ഹി: ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജ്യത്ത് ജാതിയുടേയും മതം, ഭക്ഷണം, ലിംഗം, ഭാഷയുടേയും പേരില്‍ ഭീഷണിയും വിവേചനവും ഉയരുന്നു. മതപരമായ ആഘോഷങ്ങള്‍ മറ്റുളളവരെ ഭീഷണിപ്പെടുത്താനുളള അവസരമായി മാറിയിരിക്കുകയാണ്. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ചിത്രം മാഞ്ഞുകൊണ്ടിരിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവരുടെ സര്‍ക്കാരും ജുഡീഷ്യറിയേയും, എക്‌സിക്യൂട്ടീവിനേയും, ലെജിസ്ലേച്ചറിനേയും വ്യവസ്ഥാപിതമായി തകര്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യത്തോടുളള ശക്തമായ അവഗണന കാണുന്നുവെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ ആദര്‍ശങ്ങളെയും സംരക്ഷിക്കാന്‍ സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളുമായും കൈകോര്‍ക്കും. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ അതിന്റെ ഗൗരവമേറിയ കടമ കോണ്‍ഗ്രസ് മനസ്സിലാക്കുന്നുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാര്‍ എല്ലാ അധികാരത്തേയും ചൂഷണം ചെയ്യുകയാണ്. ബി. ജെ. പി, ആര്‍. എസ്. എസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി അവഗണിക്കുകയാണ്. ഒരിക്കല്‍ പോലും മോദി സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്തിട്ടില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് സോണിയയുടെ പ്രതികരണം.
പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവരെ ഉപദ്രവിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് സംഘപരിവാര്‍. നിശബ്ദത പാലിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന നിയമാനുസൃതമായ ചോദ്യങ്ങളില്‍ പ്രധാനമന്ത്രി നിശബ്ദനാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്രയില്‍ ചെയ്തതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ സന്ദേശം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവര്‍ പറഞ്ഞു.