കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ അവസാന ദിനങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമിക്കുന്ന ആത്മീയ സമ്മേളനം ഈ മാസം 15 ന് കാരന്തൂര്‍ മര്‍കസില്‍ നടക്കും. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ ഞായര്‍ പുലര്‍ച്ചെ ഒന്നു വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും ആത്മീയ നേതാക്കളും നേതൃത്വം നല്‍കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക പ്രഭാഷണമാണ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണീയത. ഖത്മുല്‍ ഖുര്‍ആന്‍, വിര്‍ദുലത്തീഫ്, തൗബ, തഹ്ലീല്‍, അസ്മാഉല്‍ ഹുസ്‌ന, ഇഅതികാഫ് ജല്‍സ തുടങ്ങി വിവിധ ആത്മീയ പ്രാര്‍ത്ഥനാ സദസ്സുകള്‍ സമ്മേളനത്തിനോടനുബന്ധിച്ച് നടക്കും.
ശനിയാഴ്ച്ച ഉച്ചക്ക് ളുഹ്ര്‍ നിസ്‌കാരാനന്തരം ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സമ്മേളനാനുബന്ധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. അസര്‍ നിസ്‌കാര ശേഷം നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തില്‍ മര്‍കസ് സഹകാരികളെയും പ്രവര്‍ത്തകരെയും അനുസ്മരിക്കും. മര്‍കസ് റൈഹാന്‍ വാലി അനാഥാലയത്തിലെ പൂര്‍വ്വവിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ പൂര്‍ത്തിയാക്കിയ 4444 ഖത്മുകള്‍ ചടങ്ങില്‍ സമര്‍പ്പിക്കും. വിവിധ ഖുര്‍ആന്‍ അകാദമികളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തെ ഭക്തിസാന്ദ്രമാക്കും. സമ്മേളനത്തിനെത്തുന്നവര്‍ക്ക് മസ്ജിദിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഗ്രാന്‍ഡ് കമ്യൂണിറ്റി ഇഫ്താര്‍ ഒരുക്കും. ഇഫ്താറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്ര്‍ നിസ്‌കാരം തുടങ്ങിയവ മസ്ജിദുല്‍ ഹാമിലിയില്‍ നടക്കും. രാത്രി പത്തിന് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആത്മീയ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, സയ്യിദ് പൂക്കോയ തങ്ങള്‍, സുഹൈല്‍ തങ്ങള്‍ മടക്കര, മുഹമ്മദലി സഖാഫി വള്ളിയാട് സംബന്ധിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ദിക്ര്‍ സദസ്സിന് നേതൃത്വം നല്‍കും.
സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ത്ഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിക്കും. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25-ാം രാവിലെ ആത്മീയ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.