യെമന്‍: യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിനായി ഉടന്‍ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ തിരിച്ചടിയാകും. ശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയില്‍ യെമന്‍ സുപ്രീംകോടതിയില്‍ നടപടി വേഗത്തിലായിട്ടുണ്ട്.
ബിസിനസ് പങ്കാളിയായിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസില്‍ നിമിഷ പ്രിയയെ കഴിഞ്ഞ വര്‍ഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ അപ്പീല്‍കോടതിയും ശരിവെച്ചു. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലും ഉടന്‍ തീര്‍പ്പുണ്ടാകും.
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് സഹായധനം നല്‍കി വധശിക്ഷയില്‍ നിന്ന് ഇളവ് നേടാനുളള ശ്രമം മാത്രമാണ് ഇനി മുന്നിലുള്ള പോം വഴി. ഇതിനായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രത്യേക ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ വേഗത്തിലായില്ലെങ്കില്‍ യെമന്‍ കോടതി വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നാണ് ആശങ്ക. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രാജ്യാന്തരതലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.
കേന്ദ്ര സര്‍ക്കാരും നിമിഷയുടെ മോചനത്തിനായി ഇടപെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ തയാറാകാതെ വന്നതോടെയാണ് അനുരഞ്ജന ശ്രമങ്ങള്‍ നിര്‍ജീവമായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി എം. എ യൂസഫലിയടക്കം ഇടപെട്ടിരുന്നു.
തന്റെ മകളുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടി കാത്തിരിക്കുകയാണെന്ന് നിമിഷയുടെ അമ്മ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യെമനിലെ ജയിലില്‍ നിന്നും മകള്‍ തന്നെ വിളിച്ചെന്ന് പ്രേമ കുമാരി പറയുന്നു.