തൃശ്ശൂര്‍: പ്രതിദിന വേതനം 1500 ആക്കുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂരിലെ 28 സ്വകാര്യ ആശുപത്രികളില്‍ 5 ഇടത്ത് വേതന വര്‍ധന 50% നടപ്പാക്കി. അമല, ജൂബിലി , വെസ്റ്റ് ഫോര്‍ട്ട് , സണ്‍, മലങ്കര മിഷന്‍ ആശുപത്രികളാണ് വേതനം കൂട്ടിയത്. ഇതോടെ ഈ ആശുപത്രികളെ സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ ഒഴിവാക്കി. ജില്ലയിലെ 24 ആശുപത്രികളിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്.
നഴ്സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂര്‍ സമ്പൂര്‍ണ സമരമാണ് നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ ആഹ്വാനം ചെയ്തത്. ഇതിനെതിരേ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്ന എസ്മ ചട്ടത്തിന് കീഴില്‍ നഴ്സുമാരെ കൊണ്ടുവരണമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഉപഹര്‍ജിയായാണ് തൃശ്ശൂരിലെ സമരത്തിനെതിരായി ഹര്‍ജി സമര്‍പ്പിച്ചത്. വെക്കേഷന് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കി. ഹര്‍ജി സ്ഥിരമായി പരിഗണിക്കുന്ന ബെഞ്ച് അവധി ആയതിനാലാണ് ഈ ബെഞ്ചില്‍ കേസ് എത്തിയത്.
ലേബര്‍ ഓഫിസര്‍ വിളിച്ച ചര്‍ച്ചയില്‍ രണ്ട് മാനേജ്‌മെന്റുകള്‍ ഒഴികെ മറ്റാരും ശമ്പള വര്‍ധനവിനെ അനുകൂലിച്ചില്ല. ഇതോടെയാണ് യു.എന്‍.എ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഐ.സി.യു അടക്കം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും നഴ്‌സുമാര്‍ പണിമുടക്കുന്നുണ്ട്. ഇതോടെ ആശുപത്രികള്‍ ഗുരുതര പ്രതിസന്ധിയിലാവും.