തലശ്ശേരി: ഒളവിലം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ജലമര്‍മ്മരം ചിത്രകലാ ക്യാമ്പ് 12, 13 തിയതികളില്‍ ഒളവിലം കക്കടവ് നദീതീരത്തെ ബോട്ട് ജട്ടിക്ക് സമീപം നടത്തും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരേയുള്ള 60ഓളം ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ (ഏപ്രില്‍12) രാവിലെ 10ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 13ന് രാവിലെ മുതല്‍ ഭിന്നശേഷി കുട്ടികള്‍ക്കായാണ് ക്യാമ്പ് നടത്തുന്നത്. വൈകീട്ട് നാലിന് സമാപിക്കും. സമാപന യോഗം പ്രശസ്ത ചിത്രകാരന്‍ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ ബോധം ഉളവാക്കാനും ചിത്രകലയിലൂടെ പ്രകൃതിസംരക്ഷണത്തെ പറ്റി പഠിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 13ാമത് ക്യാമ്പാണിതെന്ന് സംഘാടകര്‍ വിശദീകരിച്ചു. കേരളത്തിലെ 44 നദീതീരങ്ങളിലും സമാന രീതിയില്‍ ക്യാമ്പ് നടത്താനാണ് തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ പ്രഭകുമാര്‍ ഒഞ്ചിയം, രാജേന്ദ്രന്‍ ചൊക്ലി , എം.കെ.വിശ്വനാഥന്‍ മാസ്റ്റര്‍, ടി.ടി വേണുഗോപാല്‍, എന്‍.പി സുരേന്ദ്രന്‍ മാസ്റ്റര്‍ സംബന്ധിച്ചു.