ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനു പകരം കേന്ദ്രസര്‍ക്കാര്‍ പുതിയ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റും വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ച എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ‘പെഗാസസ്’ പോലുള്ള പുതിയ ചാര സോഫ്റ്റ്വെയര്‍ കേന്ദ്രം കൊണ്ടുവരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
മിക്ക രാജ്യങ്ങളും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന , ഒരു കമ്പനിയില്‍ നിന്ന് ചാര സോഫ്റ്റ്വെയര്‍ കൊണ്ടുവരാനാണ് മോദി സര്‍ക്കാറിന്റെ ശ്രമം, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ഇടപാടിന് അനുമതി നല്‍കിയിട്ടുണ്ടോ അദ്ദേഹം ചോദിച്ചു.
ഇസ്രയേല്‍ കമ്പനിയായ എന്‍. എസ്. ഒ നിര്‍മിച്ച് വിതരണം ചെയ്യുന്ന പെഗാസസ് ഐ. ഒ. എസ് അധിഷ്ഠിതമായ മൊബൈല്‍ ഫോണുകളില്‍ നിന്ന് വിവരം ചോര്‍ത്താന്‍ ഉപയോഗപ്പെടുത്താം. ഫോണ്‍ നിരീക്ഷണം നടത്തി ടെക്‌സ്റ്റ് സന്ദേശങ്ങള്‍ വായിക്കുന്നതിനും കോള്‍ ട്രാക്കിങിനും പാസ് വേര്‍ഡ് ചോര്‍ത്തുന്നതിനും ഫോണ്‍ ക്യാമറ, മൈക്രോഫോണ്‍ എന്നിവയുപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നതിനും പെഗാസസ് ചാര സോഫ്റ്റ് വെയറുകള്‍ ുപയോഗിക്കാം. പെഗാസസിന് സമാനമായ ഇസ്രായേല്‍ കമ്പനി ‘കോഗ്നൈറ്റി’ല്‍നിന്ന് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ ‘സിഗ്നല്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്’ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.