വാഷിങ്ടണ്‍: ഇന്ത്യയില്‍ സാധാരണ ജീവിതം നയിക്കാന്‍ മുസ്ലീങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. മുസ്ലീം ജനസംഖ്യ കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മുസ്ലീംങ്ങള്‍ക്ക് ജീവിക്കാന്‍ പ്രായസമുള്ള രാജ്യമാണ് ഇന്ത്യയെങ്കില്‍ പിന്നെ എങ്ങിനെയാണ് രാജ്യത്ത് മുസ്ലിം ജനസംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയില്‍ മുസ്ലിമുകളുടെ ജനസംഖ്യ കൂടുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിലെ പീറ്റേഴ്സണ്‍ ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക്സ് ഇന്‍സറ്റിറ്റിയൂട്ടില്‍ ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
‘ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 1947ന് സ്വാതന്ത്യം കിട്ടിയതിനു ശേഷം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഉയര്‍ന്നു. ഇന്ത്യയില്‍ ജീവിക്കാന്‍ പ്രയാസമുണ്ടായിരുന്നെങ്കില്‍ എങ്ങിനെയാണ് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത്. ഇന്ത്യയില്‍ നേരിട്ട് വന്ന് മനസിലാക്കാതെ സംസാരിക്കുന്നവരാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാതെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നവരുടെ നിഗമനങ്ങള്‍ ശ്രദ്ധിക്കരുത്. ഇന്ത്യയില്‍നേരിട്ടെത്തി ബോധ്യപ്പെടണമെന്നാണ് ഇന്ത്യയില്‍ നിക്ഷേപണം നടത്താന്‍ താത്പര്യമുള്ളവരോട് പറയാനുള്ളത്’, നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അതേസമയം പാക്കിസ്താനേയും മന്ത്രി വിമര്‍ശിച്ചു. പാക്കിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളാവുകയാണെന്ന് മന്തി പറഞ്ഞു. ആളുകളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ചെറിയ ആരോപണങ്ങളില്‍ പോലും ആളുകളില്‍ കടുത്ത ശിക്ഷ ചുമത്തുകയാണ്. വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മതനിന്ദ നിയമങ്ങള്‍ മിക്കകേസുകളിലും വ്യക്തിപരമായ പ്രതികാരം നിറവേറ്റാന്‍ ഉപയോഗിക്കുന്നു.