കോഴിക്കോട്: പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് കെ.മുരളീധരന്‍. വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചതടക്കമുള്ള വിവാദങ്ങളുടെ പിന്നാലെയാണ് കെ.മുരളീധരന്റെ ഈ അഭിപ്രായം. താന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പലതും പത്രം വായിച്ചാണ് അറിയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി വയനാട് സന്ദര്‍ശനത്തിന് എത്തുന്നത്. രാഹുല്‍ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാനാണ് കെ.പി.സി.സി തീരുമാനം. അതിനാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്നും കെ.പി.സി.സിയുടെ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കാന്‍ കൂടെയുണ്ടാകുമെന്നും മുരളി പറഞ്ഞു.
പാര്‍ട്ടി നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ കെ. മുരളീധരന്‍ പങ്കെടുക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, രാഹുലിനെ ഹെലിപാഡിലെത്തി രാഹുലിനെ സ്വീകരിക്കുമെന്നും ഇത് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു.
കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്കായി ഒരുക്കുന്ന സ്വീകരണത്തില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തിയുള്ള റാലിയാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. .ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം നാളത്തെ വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.