രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നാളെ; വന്‍ സ്വീകരണമൊരുക്കാന്‍ കെ.പി.സി.സി

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നാളെ; വന്‍ സ്വീകരണമൊരുക്കാന്‍ കെ.പി.സി.സി

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാന്‍ കെ.പി.സി.സി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വയനാട് സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്കാണ് കെ.പി.സി.സി സ്വീകരണമൊരുക്കുന്നത്. വയനാട്, കോഴിക്കോട് മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി വന്‍ റാലിയാണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം നാളത്തെ വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

നാളെ രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും വയനാട്ടില്‍ എത്തുന്നുണ്ട്. നാാളെ ഉച്ചക്ക് രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് തിരിക്കും. മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കും. 3.30നാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പൊതുസമ്മേളനം ആരംഭിക്കുക. പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടികള്‍ക്കെതിരേ ബൂത്തുതലം മുതല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *