മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ്:  ചര്‍ച്ചകള്‍ അനാവശ്യമെന്ന് ശരദ് പവാര്‍

മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ്:  ചര്‍ച്ചകള്‍ അനാവശ്യമെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി:  പ്രതിപക്ഷനിരയില്‍ വീണ്ടും എതിര്‍ശബ്ദമായി എന്‍. സി. പി നേതാവ് ശരദ്പവാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണോ രാജ്യം നേരിടുന്ന പ്രധാനവിഷയമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും ആണ് പ്രതിപക്ഷം ചര്‍ച്ചയാക്കേണ്ടത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്നും പവാര്‍ പറഞ്ഞു.

നിങ്ങളുടെ ബിരുദം ഏതാണ്, നിങ്ങളുടെ ബിരുദം ഏതാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങി നിരവധി കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കൂ. മതം, ജാതി അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ്
ഉണ്ടാക്കുന്നത്, മഹാരാഷ്ട്രയില്‍ കാലംതെറ്റി പെയ്ത മഴയില്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍, ഇത്തരം കാര്യങ്ങളൊക്കെ നമുക്ക് ചര്‍ച്ചചെയ്യേണ്ടതുണ്ട്’, ശരത് പവാര്‍ പറഞ്ഞു.

നേരത്തേ അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി ഹിന്‍ഡന്‍ ബര്‍ഗിനെതിരേ വിമര്‍ശനവുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം ശരത് പവാര്‍ രംഗത്തെത്തിയത്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദാനിക്കെതിരേ ജെ. പി. സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. അതേസമയം, എന്‍. സി. പി നേതാവ് അജിത് പവാറും ഇതേ നിലപാടുമായി രംഗത്ത് വന്നിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്തതെന്നായിരുന്നു അജിത്തിന്റെ പരാമര്‍ശം. അദാനി വിഷയത്തിലും കേന്ദ്രസര്‍ക്കാരിനും ബി. ജെ. പിക്കും അനുകൂലമായ നിലപാടാണ് എന്‍. സി. പി എടുത്തത്.

പ്രതിപക്ഷ നിരയില്‍ നിന്ന് ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നിരവധി നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് സംശയമുയര്‍ത്തിയിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *