ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിച്ചതിനെതിരേ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും വിരാട് ഹിന്ദുസ്ഥാന്‍ സംഘം പ്രസിഡന്റുമായ സുബ്രഹ്‌മണ്യം സ്വാമി. മോദി പള്ളി സന്ദര്‍ശിച്ചത് ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോ എന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. മോദിയുടേത് പ്രീണനനയമാണെന്നും ഹിന്ദുത്വത്തെ മോശമാക്കി കാണിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആര്‍ച്ച് ബിഷപ്പ് അനില്‍ ക്യൂട്ടോ, സിറോ മലബാര്‍ സഭ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര രൂപത അധ്യക്ഷന്‍ തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.ദേവാലയത്തില്‍ ഇരുപത് മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി അവിടെയുള്ള വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. മോദി ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയത്തില്‍ എത്തിയതില്‍ സന്തോഷം എന്നാണ് വിവിധ ക്രൈസ്തവനേതാക്കള്‍ പ്രതികരിച്ചത്.
ക്രൈസ്തവ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കത്തിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വിലയിരുത്തപ്പെടുന്നത്. ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അദ്ധ്യക്ഷന്റെ ക്ഷണം നേരത്തെ മോദി സ്വീകരിച്ചിരുന്നു