ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിഷയങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്: കെ.എല്‍.സി.എ

ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിഷയങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്: കെ.എല്‍.സി.എ

കൊച്ചി: വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസിലാക്കാനുളള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ടെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങള്‍ സ്വാഭാവികമാണ്. അതിലപ്പുറം വലിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും അതിന് കാണേണ്ടതില്ല.

ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ നേരിടുന്ന വിഷയങ്ങള്‍, സ്റ്റാന്‍ സ്വാമി വിഷയം, ദലിത് ക്രൈസ്തവര്‍ക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധിക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരേ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം സഭകളില്‍ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം എന്നിവയൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ട കാര്യങ്ങളാണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവുക.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നല്‍കുന്നുണ്ടോ എന്ന് പുനഃപരിശോധിക്കാന്‍ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ അവസരത്തില്‍ തയ്യാറാകണം. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹി കത്തീഡ്രലില്‍ നടത്തിയ സന്ദര്‍ശനം ശുഭസൂചനയെങ്കിലും തുടര്‍ച്ചയായി ക്രൈസ്തവര്‍ക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.എല്‍. സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *