തായ്‌പേയ് : തയ്‌വാനു ചുറ്റും പ്രകോപനം ശക്തമാക്കി ചൈന. തയ്‌വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനം നടത്തിവരുന്നതായി ചൈന അറിയിച്ചു. തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ അമേരിക്കന്‍ ജനപ്രിതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി ലോസ് ആഞ്ജലിസില്‍ ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചൈന മൂന്നു ദിവസത്തെ സൈനികാഭ്യാസം പ്രഖ്യാപിച്ചത്. സൈനികാഭ്യാസം അവസാന ദിവസത്തിലേയ്ക്ക് കടന്നതിനു പിന്നാലെ പ്രകോപനം ശക്തമാക്കുകയായിരുന്നു.
റിപ്പബ്ലിക് ഓഫ് ചൈന എന്നറിയപ്പെടുന്ന തയ്‌വാന് സ്വന്തമായി ഭരണഘടനയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ചൈന ഒരുക്കമല്ല. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്‌വാന്റെ ഭൂപ്രദേശത്തിനു മുകളില്‍ തങ്ങള്‍ക്കാണ് അവകാശമെന്നും വാദങ്ങളുന്നയിച്ചാണ് ചൈന നിരന്തരം തയ്‌വാനുമായി ഏറ്റുമുട്ടുന്നത്.
തയ്‌വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണപരിശീലനത്തില്‍ എച്ച-6 കെ പോര്‍വിമാനങ്ങളില്‍ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ഷാദോങ് വിമാനവാഹിനിക്കപ്പലുകളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു. ആണവായുധം ഉപയോഗിക്കാന്‍ കഴിയുന്ന യുദ്ധവിമാനങ്ങളാണ് എച്ച്-6കെ. വ്യോമാഭ്യാസത്തിനു പുറമേ നാവിക വിഭാഗവും തയ്‌വാനു ചുറ്റും സൈനികാഭ്യാസം തുടരുന്നുണ്ട്. തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായും ഇതില്‍ 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും തയ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.