തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ പുതിയ പ്രമേയവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരേ പുതിയ പ്രമേയവുമായി മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ:  തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരേ പുതിയ പ്രമേയവുമായി മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ പാസാക്കിയില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രമേയത്തില്‍ അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി കൊണ്ടുവരുന്ന രണ്ടാമത്തെ പ്രമേയമാണിത്.

ഗവര്‍ണര്‍ നിഷപക്ഷനായിരിക്കണമെന്ന് സര്‍ക്കാരിയ കമ്മിഷന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഗവര്‍ണര്‍ ഇടപെടേണ്ടതില്ലെന്ന് ഡോ. അംബേദ്കര്‍ പറഞ്ഞു. ഗവര്‍ണര്‍ ഒരു വഴികാട്ടിയായിരിക്കണമെന്ന് സുപ്രീം കോടതിയുടെ പല ഉത്തരവുകളും പറഞ്ഞിട്ടുണ്ട്. പക്ഷേ നമ്മുടെ ഗവര്‍ണര്‍ ജനങ്ങളുടെ സുഹൃത്താകാന്‍ തയ്യാറല്ല,  അദ്ദേഹം സഭയില്‍ പറഞ്ഞു. തമിഴ്‌നാട്ടുകാര്‍ക്ക് അനുകൂലമായി പാസാക്കിയ ബില്ലുകളെ ഗവര്‍ണര്‍ പൊതുവേദിയില്‍ വിമര്‍ശിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന് എതിരായി നില്‍ക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലിന് അനുമതി നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഭരണഘടനയനുസരിച്ച് ഒരു ബില്‍ ഗവര്‍ണര്‍ മടക്കി അയക്കുകയും അതേ ബില്‍ ഒരിയ്ക്കല്‍കൂടി പാസാക്കി തിരിച്ചയക്കുകയും ചെയ്താല്‍ ഗവര്‍ണര്‍ അതിന് അനുമതി നല്‍കണം. ബില്ലുകളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അദ്ദേഹം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ അനുമതി നല്‍കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടും ആവശ്യപ്പെട്ട പ്രമേയം മന്ത്രി ദുരൈ മുരുകന്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. ഡി.എം.കെയും സഖ്യകക്ഷികളും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. എ. ഐ. എ. ഡി. എം. കെ പ്രതിനിധികള്‍ ഇറങ്ങിപ്പോയി.

Share

Leave a Reply

Your email address will not be published. Required fields are marked *