കോഴിക്കോട്: മലബാറിലെ ആതുരശുശ്രൂഷാ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഡോ. പി. എ ലളിതയുടെ ഓര്‍മ്മയ്ക്കായി മലബാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ് ഏര്‍പ്പെടുത്തിയ ഡോ. പി. എ ലളിത സ്മാരകപുരസ്‌കാരദാനം ഏപ്രില്‍ 12 ന് പ്രഖ്യാപിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക- മനുഷ്യകാരുണ്യ മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. പി. എ ലളിതയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന പുരസ്‌കാരത്തിന് ഇത്തവണ പരിഗണിക്കുന്നത് ഡോക്ടര്‍മാരിലെ മികച്ച എഴുത്തുകാരെയാണ്. അവാര്‍ഡിന് അര്‍ഹത നേടിയ വ്യക്തിയെ പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് പ്രഖ്യാപിക്കുക.
ഏപ്രില്‍ 12 ന് വൈകിട്ട് 5 മണിക്ക് ഐ. എം. എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും. ഡോ. പി. എ ലളിതയുടെ ആദ്യകൃതിയായ ‘മനസ്സിലെ കൈയൊപ്പ്’ ചടങ്ങില്‍ പുനപ്രകാശനം ചെയ്യും. മേയര്‍ ബീന ഫിലിപ്പ്, എം. കെ. രാഘവന്‍ എം. പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം. എല്‍. എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അവാര്‍ഡ്ദാന ചടങ്ങിന് മുന്നോടിയായി വൈകിട്ട് നാലിന് എഴുത്തുകാരായ ഡോക്ടര്‍മാര്‍ സഹൃദയരുമായി എഴുത്തനുഭവം പങ്കുവെക്കും.
പത്രസമ്മേളനത്തില്‍ മലബാര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ് എം. ഡി ഡോ. മിലി മണി, പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ എ. സജീവന്‍, കമാല്‍ വരദൂര്‍ എന്നിവര്‍ പങ്കെടുത്തു.