കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്നേഹയാത്ര’ വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം. സ്‌നേഹയാത്ര വിജയമായതിന്റെ പിന്നാലെയാണ് വിഷുദിനത്തില്‍ ക്രൈസ്തവരായ അയല്‍ക്കാരെ ബി.ജെ.പി നേതാക്കളുടെ വീടുകളിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തുടനീളം ക്രൈസ്തവ സഭാമേലധ്യക്ഷന്മാരില്‍ നിന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ബി.ജെ.പി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണം പാര്‍ട്ടിക്കകത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ബി.ജെ.പിയോടുള്ള ക്രൈസ്തവ സമുദായങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും വിചാരിച്ച നേട്ടം സ്വന്തമാക്കാനാകാതിരുന്ന ബി.ജെ.പി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്തുടനീളം ബി.ജെ.പി ഗൃഹസന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചു. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. പി.കെ കൃഷ്ണദാസ്, എ.പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കളാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ കണ്ടത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെയും സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു. സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നില്ല ഇതെന്ന് വ്യക്തമാണ്.