ചാലക്കര പുരുഷു
തലശ്ശേരി:അപകടങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ അധികൃതര്‍ തന്നെ തലശ്ശേരി ബസ്സ് സ്റ്റാന്റില്‍ ‘കെണി’യൊരുക്കിയതിന്റെ ഒടുവിലത്തെ ‘രക്ത സാക്ഷി’യാണ് കഴിഞ്ഞ ദിവസം ദാരുണമായി ബസ് തട്ടി മരണപ്പെട്ട യാത്രക്കാരന്‍ ഇല്ലത്ത് താഴെയിലെ ജയരാജന്‍. ബസ് സ്റ്റാന്റിനകത്ത് ബസുകളുടെ തലങ്ങും വിലങ്ങുമായുള്ള നെട്ടോട്ടത്തില്‍ യാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. നിര്‍ത്തിയിട്ട ബസിനരികിലൂടെ നടന്നുപോവുമ്പോള്‍ മുന്നറിയിപ്പില്ലാതെ പിന്നോട്ടെടുത്ത ബസ് തട്ടിത്തെറിച്ച 63 കാരന്‍ ഇരുബസുകള്‍ക്കുമിടയില്‍ കുടുങ്ങിയാണ് ഞെരിഞ്ഞമര്‍ന്ന് മരണപ്പെട്ടത്. നാടിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന ജനത്തിരക്കേറിയ ബസ് സ്റ്റാന്റാണിത്. ഇവിടെ പാലിക്കേണ്ട മിനിമം ജാഗ്രതയോ, ഗതാഗത നിയമങ്ങളോ പാലിക്കാതെയാണ് സ്റ്റാന്റിനകത്തെ ബസുകളുടെ നെട്ടോട്ടം.
ഒരേ സമയം നാലുഭാഗത്തു നിന്നും വന്നുപോവുന്ന നൂറോളം ബസുകളുടെ ബഹളങ്ങളാണിവിടെ. കേരളത്തിലെവിടേയും കാണാത്ത വിധം മൂന്ന് പ്രവേശന വഴികളും നാല് ഭാഗത്തേക്കുമുള്ള വഴികളുമുണ്ടിവിടെ. പാസഞ്ചര്‍ ലോബിക്ക് പുറമെ ബസ് സ്റ്റാന്റിനകത്ത് തന്നെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. ബസുകള്‍ പല വഴികളിലേക്ക് പോവുകയാണ്. ചില ബസുകള്‍ പ്രവേശന വഴിയില്‍ തന്നെ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യും. ഈ സമയമെത്തുന്ന മറ്റ് ബസുകള്‍ എങ്ങനെയെങ്കിലും സ്റ്റാന്റില്‍ കയറാനുള്ള വ്യഗ്രതയില്‍ അതിവേഗത്തില്‍ മുന്നില്‍ നിര്‍ത്തിയതിനെ മറികടക്കും. ഇവ പിന്നീട് സ്റ്റാന്റിനുള്ളില്‍ തന്നെ തലങ്ങും വിലങ്ങും നിര്‍ത്തിയിടും. നേരത്തെ ട്രാക്കില്‍ കയറ്റി വച്ചവ പുറപ്പെടുന്നതും നോക്കി ഊഴമിട്ടൊരു കുതിപ്പാണ് പിന്നീട്. അപ്രതീക്ഷിതമായി ഇവ മുന്നോട്ടും പിന്നോട്ടും ഓടിക്കുമ്പോള്‍ ഇടയില്‍ പെടുന്ന യാത്രക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ പരക്കംപായുകയാണ്.
ഇങ്ങനെ സംഭവിക്കുന്ന അപകടങ്ങളും ദുരന്തങ്ങളും തലശ്ശേരി പുതിയ ബസ്സ്റ്റാന്റിനെ ഇടക്കിടെ കുരുതിക്കളമാക്കുകയാണ്. ഇക്കൂട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ് കണ്ണൂരിലെകടവത്ത്പുരയില്‍ രതീഷ്, തിരുവങ്ങാട്ടെ ഞാലിക്കരമ്മല്‍ വീട്ടില്‍ പി.വി ജാനകി, കൂത്തുപറമ്പ് ആമ്പിലാട്ടെ മാണിക്കോത്ത് കണ്ടിയില്‍ കേളോത്ത് പ്രഭാകരന്‍, മട്ടന്നൂര്‍ ശിവപുരം വെമ്പടിയിലെ പുതിയപുരയില്‍ എം.സി.ചന്ദ്രന്‍, മുഴപ്പിലങ്ങാട്ടെ മച്യത്ത് സിറാജുദ്ദീന്‍, എരഞ്ഞോളി മലാലിലെ നാലു വയസുകാരി ഐശ്വര്യ, അറുപത്കാരി കാളിയമ്മ, തുടങ്ങി പത്തോളംഹതഭാഗ്യര്‍. എല്ലാം മനുഷ്യക്കുരുതി. ഒരു അപകട മരണം നടന്നാല്‍ ഒരാഴ്ചയോളം നിയമപാലകര്‍ ഇവിടെ ജാഗ്രത പാലിക്കും. പിന്നെ അപ്രത്യക്ഷരാവും. ചില നേരങ്ങളില്‍ ഡ്യൂട്ടി പോലിസിനെ വരെ വിറപ്പിച്ചോടുന്ന ബസുകളേയും കാണാം. ഇത്തരക്കാരെ പോലിസിനും നിയന്ത്രിക്കാനാവുന്നില്ല. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകളെ ലോഗന്‍സ് റോഡ്‌വഴി തിരിച്ചുവിട്ട് ട്രാക്കില്‍ വരാതെ ബസ് കാത്തിരിപ്പ് കേന്ദ്രം വഴി തിരിച്ചുവിട്ടാല്‍ ഒരു പരിധി വരെ അപകടം കുറയ്ക്കാനാവും.