കോഴിക്കോട്: ഓരോ വൈദ്യശാസ്ത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നും കേരളം വ്യത്യസ്ത ചികിതിസാരീതികളെ ഉള്‍ക്കൊള്ളുന്ന നാടാണെന്നും അലോപ്പതി- ആയുര്‍വേദ-ഹോമിയോ ചികിത്സാ ശാഖകള്‍ക്ക് സര്‍ക്കാര്‍ തുല്യ പരിഗണനയാണ് നല്‍കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഈ രംഗത്തെ സംഘടനകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി ഞാന്‍, ഞാന്‍ മുന്‍പില്‍ എന്ന് പറയുമ്പോള്‍ മറ്റുള്ളവരെ ചവിട്ടി താഴ്ത്താന്‍ ശ്രമങ്ങളുണ്ടായാലും ജനാധിപത്യ സര്‍ക്കാര്‍ എല്ലാവരേയും തുല്യരായി പരിഗണിക്കും. ഡോ.സാമുവല്‍ ഹനിമാന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് ഐ.എച്ച്.കെ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന് എത്തിച്ചേരാന്‍ കഴിയാത്തിടത്ത് ഹോമിയോപ്പതി എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരു വൈദ്യശാസ്ത്ര മേഖലയേയും കുറച്ച് കാണരുത്. രോഗങ്ങളെ നേരിടാന്‍ ഹോമിയോ-ആയുര്‍വേദ-അലോപ്പതി മേഖലകള്‍ സംഘടിതമായി നീങ്ങണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.കവിത പുരുഷോത്തമന്‍, ഹോമിയോ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.കെ.ബി രമേഷ്, ഡോ.ഇസ്മയില്‍ സേട്ട് എന്നിവരെ മന്ത്രി ആദരിച്ചു. ആദരിക്കപ്പെട്ട ഡോക്ടര്‍മാര്‍ മറുമൊഴി നടത്തി. ഐ.എച്ച്.കെ സംസ്ഥാന പി.ആര്‍.ഒ മുഹമ്മദ് അസലം മുഖ്യപ്രഭാഷണം നടത്തി. ഡോ.കേദാര്‍നാഥ് അനുസ്മരണ പ്രഭാഷണം നടത്തി. സെനറ്റ് മെമ്പര്‍ സുരേശന്‍, ഡോ. പ്രശോഭ്കുമാര്‍, ഡോ. ഹരി വിശ്വജിത്ത്,ഡോ.സനല്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി റോഷന്‍ സ്വാഗതവും ജോ.സെക്രട്ടറി ഡോ.പൊന്നമ്പിളി നന്ദിയും പറഞ്ഞു.