പാലക്കാട്: ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരേ സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജനകീയ സമരങ്ങള്‍ ഇന്ന്. രാവിലെ 10.30ന് പറമ്പിക്കുളം കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് പറമ്പിക്കുളം ഊരുകാര്‍ പങ്കെടുക്കുന്ന മാര്‍ച്ച് നടത്തി. മുതലമട പഞ്ചായത്ത് അധ്യക്ഷ പി.കല്‍പ്പനാദേവി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പറമ്പിക്കുളത്തെ സമരം. കെ.ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ മുതലമട കാമ്പ്രത്തുചള്ളയില്‍ ഇന്ന് രാവിലെ 10 മണിക്ക് ബഹുജന ധര്‍ണ നടത്തി. നെന്മാറ നിയോജക മണ്ഡലത്തിലെ കൊല്ലങ്കോട്, നെന്മാറ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും വിവിധ പഞ്ചായത്തുകളില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ സമരത്തില്‍ പങ്കെടുത്തു.