അരമനകള്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളല്ല ബി.ജെ.പിക്ക്, ലഭിക്കുന്ന സ്വീകാര്യത ആതിഥ്യമര്യാദയായി കണ്ടാല്‍ മതി: കാനം രാജേന്ദ്രന്‍

അരമനകള്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളല്ല ബി.ജെ.പിക്ക്, ലഭിക്കുന്ന സ്വീകാര്യത ആതിഥ്യമര്യാദയായി കണ്ടാല്‍ മതി: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അരമനകള്‍ എന്നത് ബി.ജെ.പിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളല്ല. എന്നാല്‍, നേതാക്കള്‍ക്ക് അരമനകളില്‍ ലഭിക്കുന്ന സ്വീകാര്യതയെ ആതിഥ്യമര്യാദയായി കണ്ടാല്‍ മതിയെന്നും വേറെ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ സഭാ മേലധികാരികളെ സന്ദര്‍ശിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘രാഷ്ട്രീയവും വിശ്വാസവും ലളിതമായ വിഷയമല്ല. മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് പ്രധാനം. അത് അനുസരിച്ചാണ് നിലപാടുകള്‍ ഉണ്ടാകുന്നത്. ബി.ജെ.പിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളല്ല അരമനകള്‍. ആര്‍ക്കും പോകാവുന്ന ഇടങ്ങളാണ്. നേതാക്കള്‍ പോകട്ടെ, കാണട്ടെ’, കാനം പറഞ്ഞു.

മതമേലധ്യക്ഷന്മാര്‍ പറയുന്ന നിലപാടിന് അപ്പുറം എല്ലാവര്‍ക്കും സ്വതന്ത്രമായ നിലപാടുണ്ടെന്ന്, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനയോട് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ആലഞ്ചേരി പിതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ വീക്ഷണമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്നേഹയാത്ര’ വിജയമായെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം. ഇതിന് പിന്നാലെ വിഷു ദിനത്തില്‍ ക്രൈസ്തവരായ അയല്‍ക്കാരെ ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *