തിരുവനന്തപുരം: വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നിലവില്‍ ദിനംപ്രതി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇന്നലെ മാത്രം 6050 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും രോഗം വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് പ്രധാനമായും യോഗത്തിന്റെ ലക്ഷ്യം.
രോഗാവസ്ഥ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടുന്നുണ്ട്. അതിനാല്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ വിലയിരുത്തും. വാക്സിനേഷന്‍ തോത്, മറ്റ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവയും സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യും. ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ കേസുകളുടെ എണ്ണം 900 കടന്നു. ഡല്‍ഹിയിലും ദിനം പ്രതി 500 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.