തിരുവനന്തപുരം: കുത്തനെ വര്‍ധിപ്പിച്ച കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ഞെക്കിപ്പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നത്തിന് നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് തടസ്സമായിരുന്നുവെങ്കില്‍ ഇന്നത് സര്‍ക്കാര്‍ തന്നെ വിലങ്ങുതടിയായിരിക്കുകയാണ്. പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധന കടുത്ത പ്രതിസന്ധിയുമാണ് സൃഷ്ടിക്കുന്നത്.
ജീവിതത്തിന്റെ സകലമേഖലകളിലും ഉണ്ടായ വിലവര്‍ധനവ് സാധാരണക്കാരന്റെ നടുവൊടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വെള്ളക്കരവും വൈദ്യുത ചാര്‍ജും വര്‍ധിപ്പിച്ചു. ഇങ്ങനെ നട്ടം തിരിഞ്ഞ സാധാരണക്കാരന്റെ പോക്കറ്റ് ഞെക്കിപ്പിഴിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് വീട് വയ്ക്കുന്നതിന് പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടക്കേണ്ട പെര്‍മിറ്റ് ഫീസും ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ 150 ച.മീറ്റര്‍ (അഥവാ 1615 സ്‌ക്വയര്‍ ഫീറ്റ്) വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വര്‍ധനവിന് മുന്‍പ് നല്‍കേണ്ടിയിരുന്ന അപേക്ഷാ ഫീസ് 30 രൂപയായിരുന്നു. പെര്‍മിറ്റ് ഫീസ് 525 രൂപയും. ഇപ്പോഴത്തെ വര്‍ധന അനുസരിച്ച് 30 രൂപയില്‍ നിന്ന് 1000 ആയും പെര്‍മിറ്റ് ഫീസ് 7500 രൂപയായും ഉയരും. അതായത് 15 ഇരട്ടിയാണ് നിരക്ക് വര്‍ധന.