കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്ന് വയസുകാരനെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കെ.വി മനോജ് കുമാര്‍ കേസെടുത്തു. സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി സി.ഡബ്ല്യു.സി, അടക്കമുള്ളവരോട് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. ചിറക്കല്‍ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലില്‍ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഘാടകരുടെ നടപടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. രണ്ടാള്‍ പൊക്കത്തിലുള്ള മേലരിയിലേക്കാണ് കുട്ടി ചാടിയത്. ആടയാഭരണങ്ങള്‍ക്ക് പുറമെ ശരീരത്തില്‍ കുരുത്തോല കൊണ്ടുള്ള കവചം മാത്രം ആണ് തീ പൊള്ളല്‍ തടയാന്‍ ഒറ്റക്കോലത്തിനുള്ളത്. തെയ്യം കഴിഞ്ഞതിനു ശേഷം കുട്ടിയെ വളരെ അവശനായിട്ടാണ് കാണാന്‍ കഴിഞ്ഞത്. കുട്ടിയെ കൊണ്ട് തെയ്യം അവതരിപ്പിക്കുന്നുവെന്ന വിവരം വന്നപ്പോള്‍ തന്നെ സി.ഡബ്ല്യു.സി വിഷയത്തില്‍ ഇടപെട്ടിരുന്നുവെങ്കിലും സംഘടകര്‍ പിടിവാശി തുടരുകയായിരുന്നു. അതേസമയം ഇതേ ക്ഷേത്രത്തില്‍ മറ്റൊരു ചാമുണ്ഡി തെയ്യത്തിന് കാര്‍മികനായി നില്‍ക്കുന്ന കുട്ടിയുടെ ദൃശ്യം പുറത്ത് വന്നു.