തലശ്ശേരി: കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സി ഡിവിഷന് ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 43 റണ്‍സിന് കണ്ണൂര്‍ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. എം.ആകാശ് 55 റണ്‍സും പി.പി ബിനോയ് പുറത്താകാതെ 23 റണ്‍സും കെ.മൃദുല്‍ 22 റണ്‍സുമെടുത്തു. ബ്രദേഴ്സിന് വേണ്ടി പി.ശരീഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ കണ്ണൂര്‍ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബിവിന്‍ 31 റണ്‍സും ഹനീഫ 21 റണ്‍സുമെടുത്തു. യങ്ങ്സ്റ്റേഴ്സിന് വേണ്ടി കെ.പി റിയാസ്, അരുണ്‍, പി.പി ബിനോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് താരം എം.ആകാശിനേയും ടൂര്‍ണമെന്റിലെ മികച്ച ബാറ്ററായി കോളയാട് സ്പോര്‍ട്സ് അക്കാദമി താരം കാമിലോസ് ദാസിനേയും മികച്ച ബൗളറായി കണ്ണൂര്‍ ഫോര്‍ട്ട് ക്രിക്കറ്റ് ക്ലബ്ബ് താരം സി.മുഹമ്മദ് ദിന്ഷാനേയും മികച്ച താരമായി യങ്ങ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് താരം അഭിരാഗിനേയും തെരഞ്ഞെടുത്തു. തലശ്ശേരി സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് പി.പി രൂപേഷ് സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.അഭിമന്യു സ്വാഗതവും അജ്മല്‍ പിലാക്കണ്ടി നന്ദിയും പറഞ്ഞു. എ.പി.എം മായന്‍, പി.സതീശന്, ടി.കൃഷ്ണ രാജു, പി.ബാബുരാജ്, പി.കെ ജിതേഷ്, അക്ബര്‍ നടമ്മല്‍ എന്നിവര്‍ സംസാരിച്ചു.