ഷിംല : ഹിമാചല്‍പ്രദേശില്‍ കഞ്ചാവ് കൃഷി നിയമപരമാക്കുന്നത് പഠിക്കാന്‍ എം. എല്‍. എമാരുടെ അഞ്ചംഗസമിതി. മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖുവിന്റെ നിര്‍ദ്ദേശപ്രകാരം സ്പീക്കര്‍ കുല്‍ദീപ് സിങ് പത്താനിയയാണ് സമിതിയെ നിയമിച്ചത്. കഞ്ചാവ് കൃഷിയുടെ ഉപയോഗം, ദുരുപയോഗം എന്നിവയെക്കുറിച്ച് വ്യക്തതയുള്ള റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കും.
ബി. ജെ. പി എം. എല്‍. എ പുരന്‍ ചന്ദ് താക്കൂര്‍ സമര്‍പ്പിച്ച പ്രമേയം ചര്‍ച്ച ചെയ്തതിലൂടെയാണ് സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചത്. റവന്യൂ മന്ത്രി ജഗത് സിങ് നേഗി തലവനായ സമിതിയില്‍ മുതിര്‍ന്ന പാര്‍ലമെന്ററി സെക്രട്ടറി സുന്ദര്‍സിങ്, എം. എല്‍. എമാരായ ഹന്‍സ് രാജ്, പുരന്‍ ചന്ദ് താക്കൂര്‍, ജനക് രാജ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. കഞ്ചാവ് കൃഷി നിയമ വിധേയമാക്കണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. ഔഷധ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതിന് അനുമതി നല്‍കണമെന്നാണ് ആവശ്യം.
കഞ്ചാവിന്റെ ഇല, വിത്ത് എന്നിവയുടെ ഔഷധ ഉപയോഗം, ഗുണം എന്നിവ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിച്ച ശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രമേയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായി സമിതി അനധികൃത കഞ്ചാവ് കൃഷി വ്യാപകമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.