സമൂഹമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് കേന്ദ്രസര്‍ക്കാര്‍

സമൂഹമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേന്ദ്രസ്രര്‍ക്കാരിനെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമഭേദഗതി പാസാക്കി. മുന്‍കാലങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം തുടരില്ല. അതേസമയം, സമൂഹമാധ്യമങ്ങളെ സെന്‍സര്‍ ചെയ്യാനുള്ള നീക്കമായി ഭേദഗതിയെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും എന്നാല്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാവുമെന്നും ഐ. ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഏതെങ്കിലും സമൂഹ മാധ്യമം തെറ്റായ വാര്‍ത്ത നല്‍കിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കണ്ടെത്തിയാല്‍ അക്കാര്യത്തില്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് വാര്‍ത്ത എത്രയും വേഗം നീക്കം ചെയ്യണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഒരു വസ്തുതാ പരിശോധനാ സമിതിയായിരിക്കും വാര്‍ത്തകള്‍ പരിശോധിക്കുക. പ്രസ്തുത സമിതി ബന്ധപ്പെട്ട വകുപ്പുകളോട് വാര്‍ത്തയുടെ വസ്തുതകള്‍ തേടും. ആ വസ്തുതകളുമായി പൊരുത്തപ്പെടാത്ത പക്ഷം വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തുകയും അതിനെ ഫേക് ന്യൂസ് ആയി പ്രഖ്യാപിക്കുകയും ചെയ്യും. തുടര്‍ന്ന് വാര്‍ത്ത നീക്കം ചെയ്യാന്‍ ആവശ്യപ്പെടും. എന്നാല്‍ വാര്‍ത്ത പിന്‍വലിക്കണം എന്ന നിര്‍ബന്ധമില്ല. പക്ഷെ കോടതി നടപടികള്‍ക്ക് വിധേയമാകാന്‍ മാധ്യമം നിര്‍ബന്ധിതമാകും. ഇതാണ് പുതിയ ഭേദഗതിയുടെ ഉള്ളടക്കം.ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

പുതിയ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയാനുള്ള നീക്കമാണ് പുതിയ നിയമമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് പരമാധികാരം നല്‍കാനുള്ള നീക്കമാണ് ഇതെന്നും ഗില്‍ഡ് കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം എടുത്തുകളയുന്നതാണ് പുതിയ നിയമം എന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ആരോപിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *