പാലക്കാട്: മധു വധക്കേസിലെ വിധിക്കെതിരേ മധുവിന്റെ കുടുംബവും പ്രതിഭാഗവും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. വിധി വന്നതിന് ശേഷം കോടതി വിധിയില്‍ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം പ്രതികരിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പല വകുപ്പുകള്‍ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. മേല്‍ക്കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് ഇരുവിഭാഗവും അറിയിച്ചു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് എസ്.എസി/ എസ്.ടി കോടതിയാണ് കേസില്‍ വിധി പറഞ്ഞിരുന്നത്.
നിലവില്‍ കേസിലെ 13 പ്രതികളെയും മലമ്പുഴ ജില്ലാ ജയിലില്‍ നിന്നും തവനൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുള്ള ശിക്ഷ ഒഴിവാക്കിയിരുന്നു. അതേസമയം മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കില്‍ എല്ലാ നടപടികള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു.
മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.