ഭിന്ദ്രന്‍വാല 2.0;  അമൃത്പാല്‍ സിങ് ജോര്‍ജിയയില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി അനുയായി

ഭിന്ദ്രന്‍വാല 2.0;  അമൃത്പാല്‍ സിങ് ജോര്‍ജിയയില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി അനുയായി

അമൃത്സര്‍: ഖലിസ്ഥാന്‍വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ ജോര്‍ജിയയില്‍വെച്ച് പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി റിപ്പോര്‍ട്ട്. അസമിലെ ദിബ്രുഗഡ് ജയിലില്‍ കഴിയുന്ന അനുയായിയാണ് ഇക്കാര്യം അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. 1984 ജൂണ്‍ ആറിന് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ നീക്കത്തില്‍ കൊല്ലപ്പെട്ട ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ പോലെ തോന്നിക്കാന്‍ അമൃത്പാല്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയതായാണ് വെളിപ്പെടുത്തല്‍. ഭിന്ദ്രന്‍വാലയെ പോലെ വസ്ത്രം ധരിക്കുന്ന അമൃത്പാലിനെ അനുയായികള്‍ വിളിക്കുന്നതും ഭിന്ദ്രന്‍വാല 2.0 എന്നാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുന്‍പ് ജോര്‍ജിയയില്‍ വച്ചാണ് അമൃത്പാല്‍ സര്‍ജറി നടത്തിയത്. രണ്ട് മാസത്തോളം അമൃത്പാല്‍ ജോര്‍ജിയയില്‍ താമസിച്ചതായാണ് റിപ്പോര്‍ട്ട്. 2022 ജൂണ്‍ 20 മുതല്‍ 2022 ആഗസ്റ്റ് 18 വരെയാണ് അമൃത്പാല്‍ ജോര്‍ജിയയില്‍ തങ്ങിയത്. അനുയായിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാരിസ് പഞ്ചാബ് ദേ എന്നാല്‍ പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി സ്വയം അവരോധിച്ച ആളാണ് അമൃത്പാല്‍.

അതേസമയം, അമൃത്പാല്‍ സിഖ് സംഘടനകളുടെ യോഗത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 14-ാം തീയതി ബൈശാഖി ദിനത്തില്‍ സര്‍ബത് ഖല്‍സ സമ്മേളനം വിളിച്ചുകൂട്ടാന്‍ സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികളോടാണ് അമൃത്പാല്‍ ആവശ്യപ്പെട്ടത്. അമൃത്സറിലെ അകാല്‍ തഖ്തില്‍ നിന്ന് ബത്തിന്‍ഡയിലെ ദംദാമ സാഹിബിലേക്ക് ഘോഷയാത്ര നടത്താനും അമൃത്പാല്‍ വീഡിയോ സന്ദേശത്തിലൂടെ സിഖ് സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോഗം വിളിക്കണമെന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ 14-ാം തീയതി വരെ പഞ്ചാബിലെ എല്ലാ പൊലീസുകാരുടെയും അവധി റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. എല്ലാ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയതായി ഡിജിപി ഗൗരവ് യാദവിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ അനുവദിച്ച എല്ലാ അവധികളും റദ്ദാക്കാനും പുതിയ അവധികള്‍ അനുവദിക്കരുതെന്നും ഡിജിപി നിര്‍ദേശിച്ചതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *