ജയിലില്‍ നിന്ന് സിസോദിയ എഴുതുന്നു ,  വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആവശ്യമാണ്

ജയിലില്‍ നിന്ന് സിസോദിയ എഴുതുന്നു ,  വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആവശ്യമാണ്

ന്യൂഡല്‍ഹി:  രാജ്യത്തിനുള്ള കത്ത് എന്ന പേരില്‍ വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് ജയിലില്‍ നിന്ന് കത്തയച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം കുറവാണെന്നും ശാസ്ത്രത്തില്‍ അടിസ്ഥാന അറിവില്ലെന്നും ലോകത്തിന് മുഴുവന്‍ അറിയാമെന്ന് സിസോദിയ പറയുന്നു. പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുന്ന മറ്റ് രാജ്യത്തലവന്മാര്‍ ഓരോ ആലിംഗനത്തിനും വലിയ വിലയാണ് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ യുവാക്കള്‍ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്ന അഭിലാഷമുള്ളവരാണ്, അവര്‍ അവസരങ്ങള്‍ തേടുന്നു. അവര്‍ ലോകത്ത് വിജയങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് ഇന്നത്തെ യുവാക്കളുടെ ആഗ്രഹം നിറവേറ്റാനുള്ള കഴിവുണ്ടോ?’ കൈകൊണ്ടെഴുതിയ കത്തില്‍ സിസോദിയ ചോദിച്ചു. ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ വൃത്തികെട്ട അഴുക്കുചാലുകളില്‍ പൈപ്പ് കയറ്റി വൃത്തികെട്ട വാതകത്തില്‍ നിന്ന് ചായയോ ഭക്ഷണമോ ഉണ്ടാക്കാം എന്ന് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ ഹൃദയം തകര്‍ന്നുപോകുന്നു എന്നും മേഘങ്ങള്‍ ഉണ്ടെങ്കില്‍ റഡാറുകളുടെ കണ്ണ് വെട്ടിക്കാമെന്ന് പറഞ്ഞ് ലോകമെമ്പാടും ഇന്ത്യയുടെ പ്രധാനമന്ത്രി അപഹാസ്യനാകുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഫെബ്രുവരി 26 ന് അറസ്റ്റിലായി നിലവില്‍ ജയിലില്‍ കഴിയുന്ന സിസോദിയയുടെ കത്ത് പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് മോദിയെ കടന്നാക്രമിച്ചു. നേരത്തെ വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ആരാഞ്ഞ കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴയിട്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *