കോണ്‍ഗ്രസില്‍ അടിമുടി പ്രശ്‌നങ്ങള്‍ ; ബി. ജെ. പി അംഗത്വം സ്വീകരിച്ച് മുന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി

കോണ്‍ഗ്രസില്‍ അടിമുടി പ്രശ്‌നങ്ങള്‍ ; ബി. ജെ. പി അംഗത്വം സ്വീകരിച്ച് മുന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബി.ജെ.പി യില്‍ ചേര്‍ന്നു.
ഇന്ന് ഉച്ചക്ക് 11.30 നാണ് ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തി അദ്ദേഹം ബി. ജെ. പി അംഗത്വം സ്വീകരിച്ചത്. മൂന്നാഴ്ച മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചുകൊണ്ട് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചിരുന്നു. നാല് തവണ കോണ്‍ഗ്രസ് എം. എല്‍. എയായിരുന്നു. സ്പീക്കര്‍, ചീഫ് വിപ്പ് പദവികളും വഹിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ബി. ജെ. പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും ചേര്‍ന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്. മുന്‍പ് കണ്ടപ്പോള്‍ തന്നെ ബി. ജെ. പിയില്‍  ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കിരണ്‍ റെഡ്ഡിയോട് നിര്‍ദേശിച്ചിരുന്നുവെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബി. ജെ. പി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിരണ്‍ റെഡ്ഡി കരുത്താകുമെന്നും തെലങ്കാനയിലും ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ്, ബി. ജെ. പി അംഗത്വം സ്വീകരിച്ച ശേഷം കിരണ്‍ റെഡ്ഡി സംസാരിച്ചത്. കോണ്‍ഗ്രസ് വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത് തെറ്റായ തീരുമാനമാണ്. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല. ഏത് നേതാവിന് എന്ത് ചുമതല നല്‍കണം എന്ന് നേതൃത്വത്തിന് അറിയില്ല. വസ്ത്രം തയ്പ്പിക്കാന്‍ ബാര്‍ബറെ ഉപയോഗിക്കാനാകില്ലല്ലോ! ടെസ്റ്റ് നടത്താതെ മരുന്ന് കഴിക്കാതെ അസുഖം മാറും എന്ന് കോണ്‍ഗ്രസ് കരുതരുത്. ബിജെപിക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ആശയ വ്യക്തതയുണ്ട്. തീരുമാനം എടുക്കാനുള്ള ധൈര്യമുണ്ടെന്നും കിരണ്‍ റെഡ്ഡി പറഞ്ഞു.

നാല് തവണ കോണ്‍ഗ്രസ് എം. എല്‍ എയായ അദ്ദേഹം 2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി. സംസ്ഥാന വിഭജനത്തിന് പിന്നാലെ 2014ല്‍ മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജി വച്ചിരുന്നു. സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി വച്ചത്. 2014ല്‍ തന്നെ ജയ് സമൈക്യന്ദ്ര പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ വന്‍പരാജയമായിരുന്നു നേരിടേണ്ടി വന്നത്. തുടര്‍ന്ന് 2018 ജൂലൈയില്‍ പാര്‍ട്ടി പിരിച്ചുവിട്ട് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു.

കിരണ്‍ കുമാര്‍ റെഡ്ഡിയുടെ വരവ് ദക്ഷിണേന്ത്യയില്‍ ബി. ജെ. പിയെ ശക്തിപ്പെടുത്തുമെന്ന് പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി. ജെ. പിയുടെ മുഖമായി കിരണ്‍ കുമാര്‍ റെഡ്ഡി മാറുമെന്നാണ് കരുതുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *