ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ വെര്‍ച്വല്‍ യോഗം ചേരും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുളളവ യോഗത്തില്‍ ചര്‍ച്ചയാകും എന്നാണ് സൂചന.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 5,335 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 23ന് 5,383 കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് 13 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,30,929 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 606 ആണ് പ്രതിദിന കൊവിഡ് കണക്ക്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണംകൂടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിക്കിമില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി.