എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ്: ഷഹറൂഖ് സെയ്ഫിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഇന്ന് ഹാജരാക്കാന്‍ സാധ്യത

എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ്: ഷഹറൂഖ് സെയ്ഫിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഇന്ന് ഹാജരാക്കാന്‍ സാധ്യത

  • കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം
  • യു.എ.പി.എ ചുമത്തിയേക്കും

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഷഹറൂഖ് സെയ്ഫിയുടെ ഇന്നത്തെ രക്ത പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. രോഗ ബാധയില്‍ കുറവുണ്ടെങ്കില്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജാരാക്കി കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ മറിച്ചാണെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും.

പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളില്‍ മാത്രമാണ് നേരിയ പൊള്ളല്‍ ഉള്ളത്. പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണില്‍ വീക്കമുണ്ട്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകള്‍ക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തില്‍ വ്യക്തമായിട്ടുണ്ട്. മുറിവുകള്‍ എല്ലാം ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ ഉണ്ടായതാവാം എന്നാണ് ഫോറന്‍സിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ഇന്നലെ ആശുപത്രിയില്‍ വെച്ചും ഷാരൂഖ് സെയ്ഫിയെ പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. ഷാരൂഖ് സെയ്ഫിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം ഉണ്ടോയെന്നത് എന്‍.ഐ.എ അടക്കമുള്ള ദേശീയ അന്വേഷണ ഏജന്‍സികളും പരിശോധിക്കുന്നുണ്ട്. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കു നേരെ ഷാരൂഖ് സെയ്ഫി ബോധപൂര്‍വം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ട്രെയിന്‍ പൂര്‍ണമായും ആക്രമിക്കുക എന്ന ഉദ്ദേശ്യമുണ്ട്. സ്‌ഫോടന സാധ്യതയുള്ള വസ്തുവും ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍, യു.എ.പി.എ കൂടി ചുമത്താമെന്നാണു നിയമോപദേശം. എന്നാല്‍ ഇക്കാര്യം അന്തിമമായി പറയാറായിട്ടില്ലെന്നു സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് വ്യക്തമാക്കിയിരുന്നു. നിലവില്‍ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യു.എ.പി.എ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *