കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ ടീം ഉടമ ഷാരൂഖ്ഖാനെ സാക്ഷിയാക്കി ഐ.പി.എല്ലില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തി കൊല്‍ക്കത്ത. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 81 റണ്‍സിനാണ് കെ.കെആര്‍ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിലെ ദയനീയ തോല്‍വിക്ക് ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കെ.കെ.ആറിനെയാണ് ഈഡനില്‍ കാണാന്‍ കഴിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. ഒരുഘട്ടത്തില്‍ 89ന് അഞ്ച് എന്ന നിലയിലായിരുന്നു അവര്‍. വലിയൊരു ബാറ്റിങ് തകര്‍ച്ചയെ നേരിട്ട കെ.കെ.ആറിന് രക്ഷകനായെത്തിയത് ശാര്‍ദുല്‍ ഠാക്കൂറാണ്. ക്രീസിലെത്തിയത് മുതല്‍ കത്തിക്കയറിയ ശാര്‍ദൂര്‍ ആര്‍.സി.ബി ബൗളര്‍മാരെ ഒട്ടും വകവച്ചില്ല. 29 പന്തില്‍ ഒമ്പത് ഫോറിന്റേയും മൂന്ന് സിക്‌സിന്റേയും അകമ്പടിയോടുകൂടി 68 റണ്‍സ് നേടിയ ശാര്‍ദുല്‍ മടങ്ങുമ്പോള്‍ കൊല്‍ക്കത്ത 200നോട് അടുത്തിരുന്നു. 57 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസും 46 റണ്‍സെടുത്ത റിങ്കുസിങ്ങിന്റെ ഇന്നിങ്‌സും കളിയില്‍ നിര്‍ണായകമായി. ഏഴിന് 204 റണ്‍സെടുത്ത കൊല്‍ക്കത്തയ്‌ക്കെതിരേ ദയനീയ പ്രകടനമാണ് ആര്‍.സി.ബി ബാറ്റ്‌സ്മാന്‍മാര്‍ കഴ്ചവച്ചത്. 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയാണ് അവരുടെ ടോപ് സ്‌കോറര്‍. കോലി 21 റണ്‍സെടുത്ത കോലിയെ സുനില്‍ നരെയനാണ് മടക്കിയത്. അഞ്ച് പേര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല. ഹര്‍ഷല്‍ പട്ടേല്‍ സംപൂജ്യനായി മടങ്ങുകയും ചെയ്തു. കൊല്‍ക്കത്തക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാലും പുതുമുഖം സുയാഷ് ഷാര്‍മ മൂന്നും സുനില്‍ നരെയ്ന്‍ രണ്ടും ശാര്‍ദുല്‍ ഒരു വിക്കറ്റും നേടി. ശാര്‍ദുല്‍ ഠാക്കൂറാണ് കളിയിലെ താരം.