കോഴിക്കോട്: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സി.സി.എല്‍ സിമെന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അവധിക്കാല അത്‌ലറ്റിക്‌സ് പരിശീലന ക്യാമ്പ് 25 മുതല്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വച്ച് നടക്കും. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജശശി ഉദ്ഘാടനം ചെയ്യും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലന ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. 50 വിദ്യാര്‍ഥികള്‍ക്കാണ് ഒരു കേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാവുക. 150 രൂപയാണ് ക്യാമ്പ് ഫീസ്. കരിയാത്തന്‍കാവ്, മെഡിക്കല്‍ കോളേജ്, പൊയില്‍ക്കാവ്, കടലുണ്ടി, കല്ലാനോട്, പുതുപ്പാടി, ഒളവണ്ണ, എളേറ്റില്‍, പറമ്പില്‍ ബസാര്‍, കുന്ദമംഗലം, കിനാലൂര്‍ എന്നിവയാണ് പരിശീലന കേന്ദ്രങ്ങള്‍. കേരളത്തിലെ ഒരു ജില്ലാ അസോസിയേഷന്‍ ആദ്യമായാണ് ഇത്രയും കേന്ദ്രങ്ങളില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് കേന്ദ്രങ്ങളിലായിരുന്നു ക്യാമ്പ് ഉണ്ടായിരുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജഴ്‌സി, ലഘുഭക്ഷണം എന്നിവ നല്‍കുന്നതാണ്. മികച്ച അത്‌ലറ്റിക്‌സ് പരിശീലകര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 20നകം 9745819485, 8281718979 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജില്ലാ സീനിയര്‍ വെറ്ററന്‍സ് മീറ്റ് മെയ് 14, 15 തിയതികളില്‍ ഡെിക്കല്‍ കോളേജ് ഗ്രൗണ്ടില്‍വച്ച് നടക്കും. മീറ്റില്‍ പങ്കെടുക്കുന്നവര്‍ മെയ് 10നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടി, സെക്രട്ടറി കെ.എം ജോസഫ്, കേരള സ്‌പോര്‍ട് കൗണ്‍സില്‍ അംഗം ടി.എം അബ്ദു റഹിമാന്‍, സി.ടി ഇല്‍യാസ്, ഇബ്രാഹിം ചീനി എന്നിവര്‍ പങ്കെടുത്തു.