തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. ഷഹറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എ.ടി.എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. അതേ സമയം, കോഴിക്കോടെത്തിച്ച പ്രതിയെ വൈദ്യപരിശോധനക്ക് വിധേയനാക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് വൈദ്യപരിശോധനക്ക് എത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. കേസില്‍ പ്രതിക്കെതിരേ യു.എ.പി.എ ചുമത്തിയേക്കും. സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. കോടതിയില്‍ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും.
രാജ്യത്തെ നടുക്കിയ തീവയ്പ്പ് കേസിലെ മുഖ്യപ്രതിയെ പിടികൂടിയത് രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ.ടി.എസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, കൊടാക് ബാങ്ക് എ.ടി.എം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എ.ടി.എസ് വിശദീകരിച്ചിരുന്നു.