എറണാകുളം: വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആന്റണി.വി സെബാസ്റ്റ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസില്‍ കയറിയ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരേ നടപടി. ജനുവരി 30ന് നാലുമണിക്ക് വീട്ടിലേക്ക് പോകാനായി ബസില്‍ കയറിയപ്പോഴായിരുന്നു ഡ്രൈവര്‍ കുട്ടിയെ അടിച്ചത്. മുമ്പും ഇയാള്‍ കുട്ടിയെ അടിച്ചിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.