ചാലക്കര പുരുഷു
തലശ്ശേരി: ഉത്തരകേരളത്തിലെ പ്രമുഖ ചിത്രകലാപഠനകേന്ദ്രമായ തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന കലാകാരന്മാര്‍ വരച്ച പെയിന്റിങ്ങുകള്‍ ലൈഫ് വീടുകള്‍ക്ക് സ്‌നേഹോപഹാരങ്ങളായി സമ്മാനിക്കും. സ്‌കൂളിന്റെ തൊണ്ണൂറാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 42 ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. അത്രതന്നെ വീടുകളുടെ ചുവരുകളിലേക്ക് ഇവ നിറച്ചാര്‍ത്താകും. ആ വീടുകളൊക്കെ ഈ ദേശചരിത്രത്തിന്റെ ഭാഗമാവുകയാണ്. വീടില്ലാത്ത ആളുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നിര്‍മിക്കുന്ന കണ്ണൂരിലെ ഭവനസമുച്ചയത്തിലെ ഓരോ വീടിനും സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഓരോ ചിത്രങ്ങള്‍ സമ്മാനിക്കും.
ഇതാദ്യമയാണ് ലൈഫ് മിഷന്‍ ഭവനങ്ങളിലേക്ക് ചിത്രമെഴുത്തുകാര്‍ തങ്ങളുടെ പ്രതിഭയെ വഴിതിരിച്ചത്. കടമ്പൂര്‍ പഞ്ചായത്ത് സമ്മാനിച്ച മണ്ണില്‍ ഉയരുന്ന ഭവനസമുച്ചയത്തിന്റെ കവാടം ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രി തുറക്കുമ്പോള്‍ കലാകാരന്മാരുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ആത്മാവിഷ്‌കാരങ്ങള്‍ വീടുകിട്ടിയവരുടെസചുവരില്‍തൂങ്ങിത്തുടങ്ങുമെന്ന് കേരള സ്‌കൂള്‍ ഓഫ് ആര്‍ട് സിന്റെ പ്രസിഡന്റ് എബി.എന്‍ ജോസഫും, സെക്രട്ടറി പ്രദീപ് ചൊക്ലിയും പറഞ്ഞു.