മെഡിക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ പിന്‍വലിക്കണം: ഭാരതീയ പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപയറ്റ് അസോസിയേഷന്‍

മെഡിക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ പിന്‍വലിക്കണം: ഭാരതീയ പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപയറ്റ് അസോസിയേഷന്‍

കോഴിക്കോട്: ലോകത്ത് ഏറെ പ്രചാരം ലഭിച്ചിട്ടുള്ളതും അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള കളരിമര്‍മ ചികിത്സക്ക് അംഗീകാരം നല്‍കാനുള്ള നടപടിയോടൊപ്പം 2021 ഫെബ്രുവരി 24ന് കേരള ആരോഗ്യവകുപ്പ് കൊണ്ടുവന്ന മെഡിക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ പിന്‍വലിക്കണമെന്ന് ഭാരതീയ പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപയറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. 1835ലാണ് ആധുനിക വൈദ്യശാസ്ത്രത്തിന് കൊല്‍ക്കത്തയിലും മദ്രാസിലും മെഡിക്കല്‍കോളേജ് സ്ഥാപിച്ചത്. 1954ലാണ് ഇന്ത്യയില്‍ ആദ്യമായി ആയുര്‍വേദത്തിന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍നിന്ന് മെഡിക്കല്‍ ബിരുദം നല്‍കി തുടങ്ങിയത്. രാജ്യം മര്‍മ ചികിത്സകരായ കളരി ഗുരുക്കന്മാര്‍ക്കും പാരമ്പര്യവൈദ്യമാര്‍ക്കും പത്മശ്രീ നല്‍കി ആദരിക്കുമ്പോള്‍ കേരള ആരോഗ്യവകുപ്പിന്റെ ഓര്‍ഡിനന്‍സ് പ്രകാരം ഇവരെ ജയിലിലടക്കേണ്ടി വരുമെന്നവര്‍ കുറ്റപ്പെടുത്തി.

കളരി പരിശീലന കേന്ദ്രങ്ങള്‍ക്ക് പോലിസ് പെര്‍മിറ്റിനായി നല്‍കിവരുന്ന ഫീസ് 1000 രൂപയില്‍ നിന്ന് 3000 രൂപയാക്കിയത് പുനഃപരിശോധിക്കണം. സംസ്ഥാനത്തിന്റെ ആയോധന കലയായ കളരിപയറ്റിന് രാജ്യത്തിനകത്തും വിദേശത്തും വന്‍ പ്രചാരം ലഭിക്കുകയും ഇന്ത്യന്‍ പ്രതിരോധ സേനകള്‍ക്ക് കളരിപയറ്റ് നിര്‍ബന്ധമാക്കിയതിനാല്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കളരിപയറ്റ് പഠിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ എന്‍.ഡി.ആര്‍.എഫ് പരിശീലനത്തിന് ആര്‍ക്കോണത്ത് പോയി തിരിച്ചുവന്ന പാരമ്പര്യ സ്‌പോര്‍ട്‌സ് കളരിപയറ്റ് അസോസിയേഷന്റെ കളരികളിലുള്ള കുട്ടികള്‍ക്ക് സ്വീകരണവും ഉപഹാരസമര്‍പ്പണവും നാളെ (വെള്ളി) രാവിലെ 11 മണിക്ക് പോലിസ് ക്ലബ്ഹൗസില്‍ നടക്കും. പരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. നെഹ്രു യുവകേന്ദ്ര ജില്ലാ ഓഫിസര്‍ സി.സനൂപ്കുമാര്‍ ആശംസകള്‍ നേരും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മാനയേടത്ത് പ്രകാശന്‍ ഗുരുക്കള്‍, ടി.എം വിജയന്‍ ഗുരുക്കള്‍, അനില്‍കുമാര്‍ ഗുരുക്കള്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *